ഭീതിയൊഴിയാതെ വയനാട്: കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം
1 min readഭീതിയൊഴിയാതെ വയനാട്: കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം
വയനാട്: വയനാട് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി എത്തി.
മോഴ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബാംഗങ്ങളെയാണ് രാഹുല്‍ ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഡ കൊല്ലിയിലെ പ്രജിഷിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് തിരിച്ചത്.
ഇതിനിടെ വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഓടിപ്പോയ കടുവ ചാണകക്കുഴിയില്‍ വീഴുകയായിരുന്നു. ഇവിടെ കടുവയുടെ കാല്‍പ്പാടുകളും കാണാന്‍ സാധിക്കും. ഇന്നലെ രാത്രി നാട്ടുകാരില്‍ ഒരാള്‍ കടുവയെ കണ്ടതായും റിപ്പോര്‍ട്ടുണ്ട്.
സമീപപ്രദേശമായ അമ്ബലത്തറയിലും കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കൊന്നിരുന്നു. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ ഇന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലുള്ള കടുവയെ വെടിവെച്ച് പിടികൂടാനുള്ള ഉത്തരവും ഇറങ്ങിയിട്ടുണ്ട്.