മസ്തിഷ്‌കജ്വരത്തില്‍ നിന്ന് രോഗമുക്തി നേടിയ അഫ്‌നാന് ഡോക്ടറാകണം; സൗജന്യമായി ചികിത്സിക്കണം
1 min read
മസ്തിഷ്‌കജ്വരത്തില്‍ നിന്ന് രോഗമുക്തി നേടിയ അഫ്‌നാന് ഡോക്ടറാകണം; സൗജന്യമായി ചികിത്സിക്കണം
കോഴിക്കോട്: ”ചെറിയ കുട്ടിയാകുമ്പോഴേ ഉപ്പയെപ്പോലെ നാട്ടുകാർക്ക് സഹായങ്ങൾ ചെയ്യണമെന്ന് തോന്നാറുണ്ട്. പിന്നീട് ഒരു നഴ്സായി ജോലി ചെയ്യണമെന്ന് തോന്നി. ഇപ്പോൾ ചികിത്സ കഴിഞ്ഞ് രണ്ടാംജന്മം കിട്ടി വീട്ടിലേക്ക് വീണ്ടും മടങ്ങുമ്പോൾ മനസ്സിലൊരു നിശ്ചയമുണ്ട്… കൂടുതൽ നല്ലോണം പഠിക്കണം, നല്ലമാർക്ക് വാങ്ങണം, ഒരു ഡോക്ടറാകണം. എന്നെ ചികിത്സിച്ചപോലെ എനിക്കും ചികിത്സിക്കണം. സൗജന്യമായിത്തന്നെ…”-അമീബിക് മസ്തിഷ്കജ്വരം പിടിപെട്ട് രോഗമുക്തി നേടിയ പയ്യോളി സ്വദേശി അഫ്നാൻ ജാസിമിന്റെ സംസാരത്തിൽ ആത്മവിശ്വാസം നിറഞ്ഞു.
ഇരുപത്തിരണ്ട് ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് ഡിസ്ചാർജിന് തയ്യാറായി നിൽക്കുമ്പോൾ മാതാപിതാക്കൾക്ക് ഒപ്പമിരുന്ന് സംസാരിക്കുകയായിരുന്നു അഫ്നാൻ.
ഐ.സി.യു.വിൽ രോഗം മൂർച്ഛിച്ചുകിടക്കുമ്പോൾ അടുത്ത കട്ടിലിലുള്ള കുട്ടികൾ മരണത്തിനു കീഴ്പ്പെടുന്നതിന് ഉമ്മ റെയ്ഹാനത്ത് സാക്ഷിയായിരുന്നു. അഫ്നാന്റെ അസുഖത്തിന്റെ തീവ്രതകൊണ്ടും അവന് മാനസികാശ്വാസം നൽകേണ്ടത് ഉണ്ടെന്നുതോന്നിയതുകൊണ്ടും ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ മുഴുവൻസമയം കുഞ്ഞിനൊപ്പമിരിക്കാൻ ഉമ്മയെ അനുവദിച്ചിരുന്നു. പീഡിയാട്രിക് തീവ്രപരിചരണ വിദഗ്ധരായ ഡോ. അബ്ദുൾ റൗഫ്, ഡോ. ഫെബ്ന റഹ്മാൻ എന്നിവരോട് പ്രത്യേകം നന്ദിപറഞ്ഞാണ് അഫ്നാനും കുടുംബവും ആശുപത്രി വിട്ടത്.
രണ്ടാം ജന്മത്തിൽ ദൈവത്തിനും ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദിയറിയിച്ച് കുടുംബം ചികിത്സയിൽ ഒപ്പം നിന്ന ഡോ. ഷാജി തോമസ് ജോൺ, ഡോ. ഉമ്മർ, ഡോ. സുദർശന, ഡോ. പൂർണിമ, സിസ്റ്റർമാരായ ലിജി, സിസ്റ്റർ ഡോളി എന്നിവരെ പേരെടുത്തുപറഞ്ഞ് സ്മരിച്ചു.
തീവണ്ടിയില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു
വെള്ളത്തിൽ സാഹസികത കാണിക്കാൻ ഇഷ്ടമായിരുന്ന അഫ്നാൻ അസുഖബാധിതനാകുന്നതിന്റെ ഒരു മാസം മുമ്പാണ് നീന്തൽ പഠിച്ചത്. വീട്ടിനടുത്തുള്ള കുളത്തിലായിരുന്നു നീന്തൽ. രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ ഇവിടെ കുളിച്ചിരുന്നു.
എന്നാൽ കുളത്തിൽ കുളിക്കുന്ന എല്ലാവർക്കും ഈ രോഗബാധയേൽക്കില്ലെന്നും മൂക്കിലൂടെ വെള്ളം അകത്തുകടക്കാനുള്ള സാഹചര്യം കുറച്ചാൽ മതിയെന്നും ന്യൂറോളജിസ്റ്റ് ഡോ.ഉമ്മർ വ്യക്തമാക്കി.
