ഇരിട്ടിയിൽ നിർത്തിയിട്ട പിക്കപ്പ് വാഹനത്തിന് തീപിടിച്ചു
1 min readഇരിട്ടി: നിർത്തിയിട്ട പിക്കപ്പ് വാനിന് തീപിടിച്ചു. ആളിപ്പടർന്ന തീ പെട്ടെന്ന് കെടുക്കാനായതുമൂലം വൻ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം . ആക്രി സാധനങ്ങൾ കയറ്റി പയഞ്ചേരി ഹൈലൈറ്റ് ഫർണ്ണിച്ചറിന് എതിർവശത്തെ കടകൾക്ക് മുന്നിൽ നിർത്തിയിട്ട പിക്കപ്പ് വാനിനായിരുന്നു തീപിടിച്ചത്.
കറുത്ത പുകയുയർന്ന് തീ ആളിപ്പടർന്നതോടെ സമീപത്തുണ്ടയിരുന്നവർ വെള്ളമൊഴിച്ച് തീക്കെടുത്താൻ ശ്രമിക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി അഗ്നിശമനസേനയും സ്ഥലത്തെത്തി. തുണിക്കടയും ഗ്യാസ് അടുപ്പുകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും വിൽപ്പന നടത്തുന്ന കടയുടെ ഷട്ടറുകളോട് ചേർത്തായിരുന്നു തീപിടിച്ച വാഹനം നിർത്തിയിരുന്നത്.
കടയുടെ ഷട്ടറുകൾ അടച്ചിരുന്നതും തീ വേഗം കെടുത്താനായതും മൂലം വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. വാഹനത്തിന്റെ മുൻവശം മുഴുവൻ തീയിൽ കത്തി നശിച്ചു. പയഞ്ചേരിസ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തി നശിച്ച വാഹനം.