ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് തുടക്കമാകും
1 min readമുൾട്ടാൻ: ഏഷ്യയിലെ കരുത്തർ അണിനിരക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് തുടക്കമാകും. ടീമുകളെല്ലാം ശക്തമായ നിരയെ രംഗത്തിറക്കിയതിനാൽ ഇത്തവണ ഏഷ്യാ കപ്പിൽ മുമ്പില്ലാത്ത ആവേശവും വാശിയുമുണ്ടാവും. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഏഷ്യാ കപ്പിന് കൂടുതൽ വീറും വാശിയും കൈവരുന്നത്.
ലോകകിരീടം ലക്ഷ്യമിടുന്ന ക്രിക്കറ്റിലെ വൻശക്തികളായ രാജ്യങ്ങൾ നേർക്കുനേർ വരുന്നു എന്നതും പ്രത്ര്യേകതയാണ്. ഏഷ്യാകപ്പിൽ മത്സരിക്കുന്ന നേപ്പാൾ ഒഴികെയുള്ള അഞ്ച് ടീമുകൾ ലോകകപ്പിലും മത്സരിക്കും. ലോകകപ്പിന് മുമ്പായി അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏഷ്യാ കപ്പിന് മുമ്പ് ആത്മവിശ്വാസത്തോടെ ലോകകപ്പിന് എത്താനുള്ള അവസാനത്തെ അവസരമായാണ് ഇവർ ഏഷ്യാ കപ്പിനെ കാണുന്നത്.
അഞ്ച് വർഷത്തിന് ശേഷമാണ് ഏകദിന ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടക്കുന്നത്. ആദ്യ മത്സരത്തിൽ പാകിസ്താനും നേപ്പാളും തമ്മിൽ ഏറ്റുമുട്ടും. പാകിസ്താനിലെ മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരവേദി. ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാളിനെ പാകിസ്താൻ എളുപ്പത്തിൽ മറികടന്നേക്കാം. ഏങ്കിലും ശക്തമായ നിരയെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് പാകിസ്താന് മത്സരം. ബാബർ അസമിനെയും സംഘത്തെയും വെറുതെ ജയിക്കാൻ വിടില്ലെന്നതായിരിക്കും നേപ്പാളിൻ്റെ ലക്ഷ്യം.
ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ രണ്ടിനാണ്. പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയുടെ ആദ്യ മത്സരം നാളെയാണ്. ബംഗ്ലാദേശാണ് എതിരാളികൾ. അഫ്ഗാനിസ്ഥാൻ ആണ് ശ്രീലങ്കയുടെ മറ്റൊരു എതിരാളി. രണ്ട് ഗ്രൂപ്പിൽ നിന്നായി രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് എത്തും. അവിടെ റൗണ്ട് റോബിൻ രീതിയിൽ ടീമുകൾ ഒരു തവണ പരസ്പരം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകൾ ഫൈനലിന് യോഗ്യത നേടും. സെപ്റ്റംബർ 17 നാണ് ഫൈനൽ നടക്കുക.