കളരിക്ക് ജീവിതം സമർപ്പിച്ച് അവേരഭാസ്കരൻ ഗുരുക്കൾ യാത്രയായി

1 min read
Share it

 

കണ്ണൂർ: ആയോധനകലാരംഗത്ത് വടക്കൻ കേരളത്തിൻ്റെ കളരിച്ചുവടുകളുടെ ആചാര്യനായിരുന്ന അവേര ഭാസ്കരൻ ഗുരുക്കൾക്ക് (90)
നാടിൻ്റെ അന്ത്യാഞ്ജലി.

തോട്ടട അവേരയിൽ
ശിവോദയ കളരി സംഘം സ്ഥാപിച്ച് നിരവധി പേർക്ക് കളരി വിദ്യ പകർന്നു നല്കിയ
നവതിയിലെത്തിയ ഭാസ്കരൻഗുരുക്കളെ
കേരള ഫോക് ലോർ അക്കാദമി കഴിഞ്ഞ വർഷം ഗുരുപൂജ പുരസ്കാരം നല്കി ആദരിച്ചിരുന്നു.

കണ്ണൂർ
ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ രക്ഷാധികാരിയായിരുന്ന
ഭാസ്കരൻ ഗുരുക്കൾ 1960-70 കാലഘട്ടത്തിൽ
മലബാറിലെങ്ങും അറിയപ്പെട്ട കളരിപ്പയറ്റ് ആചാര്യനായിരുന്നു.കണ്ണൂർ എസ്.എൻ. കോളജിലടക്കം നിരവധി ഗുസ്തി താരങ്ങളെ വളർത്തിയെടുക്കാനും കോഴിക്കോട് സർവകലാശാല ഇൻ്റർ കോളജ് ഗുസ്തി താരങ്ങളാക്കാനും ഗുരുക്കൾ മുൻ കൈ എടുത്തു.

കളരി വിദ്യയെക്കുറിച്ച്
നിരവധി പണ്ഡിതന്മാരുമായി
സംവാദവും വെല്ലുവിളിയും നടത്തി കളരിപ്പയറ്റ് മത്സരവും നടത്തിയിട്ടുണ്ട്. വളപട്ടണം ശ്രീഭാരത് കളരി സ്ഥാപകനും
പ്രസിദ്ധ
കളരിപ്പയറ്റ് ആചാര്യനും
ഗ്രന്ഥകാരനുമായിരുന്ന ചിറക്കൽ ടി. ശ്രീധരൻ നായരുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ഗുരുക്കൾ അദ്ദേഹവുമായി നടത്തിയ കളരിപ്പയറ്റ് മത്സരം 1970 കളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കേരളത്തിലെ നിരവധി കളരിപ്പയറ്റു വേദികളിൽ സ്വാഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ഭാസ്കരൻഗുരുക്കൾ നല്ല ഒരു സംവാദകൻ കൂടിയായിരുന്നു. കളരിപ്പയറ്റിനു വേണ്ടി ജീവിതം സമർപ്പിച്ച ഭാസ്കരൻ ഗുരുക്കൾ ആ വിദ്യയിൽ വെള്ളം ചേർക്കാൻ അനുവദിച്ചിരുന്നില്ല. അത്തരക്കാരെ മുഖം നോക്കാതെ വിമർശിക്കാനും മടികാണിച്ചിരുന്നില്ല.

ആയോധനകലകളെക്കുറിച്ച്
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരത്തിന്നുടമയായിരുന്നു ഗുരുക്കൾ. വിദേശ ഗവേഷകരടക്കം നിരവധി പേർ ഭാസ്കരൻ ഗുരുക്കളുടെ അവേര ശിവോദയം കളരിയിലെത്തിയിരുന്നു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. രാഷ്ട്രീയ സാമൂഹിക കലാ മേഖലകളിലെ നിരവധി പേർ തോട്ടട അവേരയിലെ വീട്ടിലും പയ്യാമ്പലത്തും അന്ത്യോപചാരമർപ്പിക്കാനെത്തി.

ഭാര്യ: പദ്മാവതി മക്കൾ: ഷൈമ , ഷൈനോജ്, ഷാജി,ഷൈജ സഹോദരങ്ങൾ: പരേതരായ കുമാരൻ, കണ്ണൻ.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!