ചമയവിളക്കിനിടെ അപകടത്തിൽ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം
1 min readചമയവിളക്കിനിടെ അപകടത്തിൽ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് വയസുകാരി മരിച്ചത്. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
കെട്ടുകാഴ്ചക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിരയുടെ നിയന്ത്രണം തെറ്റി. ഇതോടെ തിക്കും തിരക്കുമുണ്ടായപ്പോള്‍ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. കുതിര കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുരുഷൻമാർ സ്ത്രീവേഷത്തിൽ ചമയ വിളക്കുമേന്തി എത്തുന്ന വേറിട്ട ഉത്സവമാണ് കൊറ്റൻകുളങ്ങരയിൽ നടക്കുന്നത്. വ്രതശുദ്ധിയുടെ നിറവിൽ ആഗ്രഹ സഫലീകരണത്തിൻ്റെ നേർച്ചയായിട്ടാണ് പുരുഷാംഗനമാർ ദേവീ ക്ഷേത്രത്തിലെത്തുന്നത്. ഇന്നലെയായിരുന്നു ഉത്സവത്തിന്‍റെ അവസാന ദിനം. അതിനിടെയാണ് ഏവരെയും കണ്ണീരിലാഴ്ത്തിയ സംഭവമുണ്ടായത്.