അടക്കാത്തോട്ടിൽ വീണ്ടും ജന വാസ കേന്ദ്രത്തിൽ കടുവയുടെ കാൽപാടുകൾസ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ
1 min readഅടക്കാത്തോട്ടിൽ വീണ്ടും ജന വാസ കേന്ദ്രത്തിൽ കടുവയുടെ കാൽപാടുകൾസ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ
കൊട്ടിയൂർ: അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിൽ വന്യജീവിയുടെ തന്നെ സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശവാസികൾ വനപാലകരെ വിവരമറിയിച്ചതിനെത്തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്ററ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജിത്ത് , രണ്ടു വാച്ചർമാർ എന്നിവരെത്തി കാൽപ്പാടുകൾ പരിശോധിച്ചു . ഇവർ മടങ്ങുന്നതിനിടെ നാട്ടുകാരും പ്രദേശത്തെ കോൺഗ്രസ് നേതാക്കളും ചേർന്ന് വനം ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി കേളകം പഞ്ചായത്തിലെ ശാന്തിഗിരി, രാമച്ചി മേഖലയിൽ ദിനം പ്രതി കടുവയെയും പുലിയെയും കാണുന്ന സാഹചര്യത്തിൽ കർഷകർക്ക് റബ്ബർ ടാപ്പിംഗ് നടത്താനും കശുവണ്ടി ശേഖരം നടത്താനും സാധിക്കുന്നില്ലെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവരെ തടഞ്ഞു വെച്ചത്.
വനപാലകർ പോലീസിനെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷിനെയും വിവരമറിയിച്ചതിനെ തുടർന്ന് കേളകം എസ് എച്ച് ഒ പ്രവീൺകുമാർ, എസ് ഐ മിനിമോൾ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്തുമായി ഫോണിൽ സംസാരിച്ചു. കാൽപ്പാടുകൾ കണ്ട സ്ഥലത്ത് ക്യാമറകൾ സ്ഥാപിക്കാനും രാത്രികാലങ്ങളിൽ പെട്രോളിന് നടത്താമെന്നും ഉറപ്പ് നൽകിയതോടെയാണ് തടഞ്ഞുവെച്ച വനപാലകരെ വിട്ടയച്ചത്. നേതാക്കളായ ലിസി ജോസഫ്, സന്തോഷ് ജോസഫ് മണ്ണാർകുളം, വർഗീസ് ജോസഫ് നടപ്പുറം, ജോയ് വേളുപുഴ തുടങ്ങിയവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു വനപാലകരെ തടഞ്ഞ് പ്രതിഷേധിച്ചത്.