നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

1 min read
Share it

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യരോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. വേനൽകാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തിൽ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിർജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്.

രോഗപ്രതിരോധത്തിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
2. ഭക്ഷണപാനീയങ്ങളിൽ ഈച്ച, കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക
3. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക.
4. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
5. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാൻ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
6. പാനീയങ്ങൾ തയ്യാറാക്കുമ്പോൾ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്നുള്ള ഭക്ഷ്യയോഗ്യമായ ഐസ് കട്ടകൾ മാത്രം ഉപയോഗിക്കുക.
7. അന്തരീക്ഷ താപനില കൂടുതലായതിനാൽ നിർജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത രാത്രി സമയങ്ങളിൽ ധാരാളം ശുദ്ധജലം കുടിക്കുക.
8. പഴങ്ങളും, പച്ചക്കറികളും, ഇലവർഗങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
9. ആരാധനാലയങ്ങളിൽ അംഗശുദ്ധി വരുത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.
10. നോമ്പ് തുറക്കുന്ന സമയങ്ങളിൽ എരിവും പുളിയും കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
11. വേനൽക്കാലമായതിനാൽ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാർത്ഥങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
12. നോമ്പ് തുറ പരിപാടികളിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവർ മാത്രം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക.
13. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിൾ പ്ലെയ്റ്റ്/ ഗ്ലാസ്സ് എന്നിവ ഉപയോഗിക്കാതിരിക്കുക. പരിസര ശുചിത്വം പാലിക്കുക.
14. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തി കൃത്യമായി മരുന്ന് കഴിക്കുക.
15. അന്തരീക്ഷ താപനില കൂടുതലായതിനാൽ തന്നെ ക്ഷീണം, തലകറക്കം, ഛർദ്ദി എന്നിവ ഉണ്ടായാൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതും ആവശ്യമാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
16. അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയം ചികിത്സയും ഒഴിവാക്കുക.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!