സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; വിയോഗം വിവാഹ നിശ്ചയം നടക്കാനിരിക്കെ
1 min readസ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; വിയോഗം വിവാഹ നിശ്ചയം നടക്കാനിരിക്കെ
പാതിരപ്പള്ളി: സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ഇൻഫോപാർക്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. കിടങ്ങറ മുണ്ടുചിറ വീട്ടിൽ പാർവതി ജഗദീഷാണ് (27) മരിച്ചത്. കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പാർവതി. കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20-ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു വിയോഗം.
കൊച്ചിയിൽ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോൾ ആണ്അപകടം നടന്നത്. റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാർവതിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വെളിയനാട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ് പാർവതി. സഹോദരൻ: ജെ കണ്ണൻ (ദുബായ്).