നിരപരാധികളാണെന്ന് പ്രതികൾ; ടിപി വധക്കേസിലെ നിർണായക ശിക്ഷാവിധി നാളെ

1 min read
Share it

നിരപരാധികളാണെന്ന് പ്രതികൾ; ടിപി വധക്കേസിലെ നിർണായക ശിക്ഷാവിധി നാളെ

കൊച്ചി: ആർ.എം.പി. നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാവിധി ചൊവ്വാഴ്ച. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ് എന്നിവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന ഹർജിയിലാണ് നാളെ വിധി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

പ്രതികൾക്ക് പരാമാവധി ശിക്ഷ നൽകണമെന്നായിരുന്നു കെ.കെ. രമ സമർപ്പിച്ച അപ്പീലിലെ ആവശ്യം. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളെ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് കോടതിയിലെത്തിച്ചത്. പത്താംപ്രതി സി.പി.എം. ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണനും കോടതിയിലെത്തി. അതേസമയം, പന്ത്രണ്ടാം പ്രതിയായ കുന്നോത്തുപറമ്പ് ലോക്കൽകമ്മിറ്റി അംഗമായിരുന്ന ജ്യോതിബാബു ആ​രോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ നിന്ന് ഓൺലൈനിലാണ് ഹാജരായത്.

ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങൾ കോടതി പ്രതികളോട് ചോദിച്ചറിഞ്ഞു. പ്രതികൾ ജയിലിൽചെയ്ത ജോലി, മാനസികാരോഗ്യത്തെ സംബന്ധിച്ച റിപ്പോർട്ട്, പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് എന്നിവയും കോടതി പരിശോധിച്ചിരുന്നു. ഈ മൂന്ന് റിപ്പോർട്ടുകളും പഠിക്കാനുള്ള പ്രതിഭാ​ഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശിക്ഷാവിധി മാറ്റിയത്.

തങ്ങൾ നിരപരാധികളാണെന്ന് പ്രതികൾ കോടതിയെ ബോധിപ്പിച്ചു. വധശിക്ഷ വിധിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ഒന്നാം പ്രതി എം.സി അനൂപിനോട് കോടതി ചോദിച്ചു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് കൊടി സുനി അറിയിച്ചു. വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിർമാണി മനോജിന്റെ വാദം. അസുഖമുള്ളതിനാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ജ്യോതിബാബുവും ആവശ്യപ്പെട്ടു.

ദിവസങ്ങൾക്ക് മുമ്പാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ 12 പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചത്. വെറുതേവിട്ട പത്താം പ്രതി കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവർ ഗൂഢാലോചനാക്കേസിൽ പ്രതികളാണെന്നും കണ്ടെത്തി.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!