പാച്ചേനിയുടെ കുടുംബത്തിന് സ്നേഹസൗധമൊരുങ്ങി

1 min read
Share it

പാച്ചേനിയുടെ കുടുംബത്തിന്സ്നേഹസൗധമൊരുങ്ങി

കണ്ണൂർ : അന്തരിച്ച കോൺഗ്രസ് നേതാവും ഡിസിസി പ്രസിഡൻ്റുമായിരുന്ന സതീശൻ പാച്ചേനിയുടെ കുടുംബത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻകൈയെടുത്ത് നിർമ്മിച്ചു നൽകിയ സ്നേഹസൗധം ഒരുങ്ങി. പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് മൂവായിരത്തോളം സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ വീട് നിർമ്മാണം പൂർത്തീകരിച്ചത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ സ്വന്തമായൊരു വീട് സ്വപ്നമായി മാത്രം കൊണ്ടു നടന്ന നേതാവായിരുന്നു സതീശൻ പാച്ചേനി. വാടക വീട്ടിലായിരുന്നു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം അദ്ദേഹം കഴിഞ്ഞിരുന്നത്. ആകസ്മികമായി സതീശൻ പാച്ചേനി എല്ലാവരെയും വിട്ടു പിരിഞ്ഞപ്പോൾ പയ്യാമ്പലത്ത് അദ്ദേഹത്തിൻ്റെ ഭൗതിക ദേഹം സംസ്കരിച്ച ശേഷം ചേർന്ന സർവ്വകക്ഷി അനുശോചന യോഗത്തിലാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ സതീശൻ പാച്ചേനിയുടെ കുടുംബത്തിന് പാർട്ടി വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത്. നിർമ്മാണം തുടങ്ങി ഒരു വർഷം പൂർത്തിയാകും മുമ്പ് വീട് പൂർത്തീകരിച്ചിരിക്കുകയാണ്. സതീശൻ പാച്ചേനിയെന്ന നിസ്വാർത്ഥനായ നേതാവിനെ സ്നേഹിക്കുന്ന ഒരുപാട് സുമനസ്സുകളുടെ, പാർട്ടിയിലെ സഹപ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ മനോഹര സൗധം. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കെ.എസ്.എസ്.പി.എ ഉൾപ്പെടെ സർവീസ് സംഘടനകളും പ്രവാസികളുമൊക്കെ സാമ്പത്തികമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഉദ്യമത്തിന് കൈത്താങ്ങ് പകർന്നു. വീട് നിർമ്മാണത്തിനായി സതീശൻ പാച്ചേനി വിലക്കെടുത്തിരുന്ന സ്ഥലത്താണ് 85 ലക്ഷം രൂപയിലധികം ചെലവിൽ വീടിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, വി.എ.നാരായണൻ,
മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, കെ.പ്രമോദ്, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, ഇ.ടി. രാജീവൻ, കെ. സജീവൻ എന്നിവരടങ്ങിയ കമ്മിറ്റി തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കരാറുകാരൻ കൂടിയായ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു . ഇതേ വീടിന് തൊട്ടടുത്ത് സതീശൻ പാച്ചേനിയുടെ ഭാര്യ റീനയുടെ സഹോദരിക്ക് വേണ്ടി നിർമ്മിച്ച വീടിൻ്റെ നിർമ്മാണവും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഈ മാസം 14ന് രാവിലെ 9 30 ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ സ്നേഹ വീടിൻ്റെ താക്കോൽ കൈമാറും. സതീശൻ പാച്ചേനിയുടെ കുടുംബത്തിന് ഒരു വീട് എന്ന സ്വപ്നം മുന്നോട്ടു വെച്ചപ്പോൾ കൂടെ നിന്ന് അഹോരാത്രം അതു യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ച മുഴുവനാളുകൾക്കും ഡിസിസി പ്രസിഡൻറ് അഡ്വ മാർട്ടിൻ ജോർജ് നന്ദി അറിയിച്ചു .

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!