പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; അന്ത്യം അർബുദ ബാധയെ തുടർന്ന് 48-ാം വയസ്സിൽ

1 min read

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി;
അന്ത്യം അർബുദ ബാധയെ തുടർന്ന് 48-ാം വയസ്സിൽ

കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു.  അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ 9 മണിയോടെ വീട്ടിലേക്ക് എത്തിക്കും. സംസ്കാരം നാളെ 10.30ക്ക് പയ്യാമ്പലത്ത് നടക്കും.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ചിത്രലേഖ അർബുദബാധിതയായി രോഗശയ്യയിലായിരുന്നു. ദയനീയ അവസ്ഥയിലായിരുന്ന അവർ ചികിത്സാസഹായമുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച ചിത്രലേഖയ്ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. ആരോഗ്യം മോശമായതോടെ പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഭർത്താവ് ശ്രീഷ്കാന്തിന് ചിത്രലേഖയെ തനിച്ചാക്കി ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല. അതോടെ കുടുംബത്തിലേക്കുള്ള വരുമാനം നിലക്കുകയായിരുന്നു. ഇതിനിടയിലാണ് അസുഖം മൂർച്ഛിക്കുന്നതും മരണം സംഭവിക്കുന്നതും.

2004 ൽ എടാട്ടെ സ്റ്റാന്റിൽ ഓട്ടോയുമായെത്തിയ ദളിത് യുവതിയാണ് ചിത്രലേഖ. സിഐടിയുമായി തർക്കമുണ്ടായതോടെ സിപിഎം വിലക്കേർപ്പെടുത്തി. തുടർന്ന് പാർട്ടിയുമായി തുറന്ന യുദ്ധമായിരുന്നു. ഇങ്ങനെയാണ് ചിത്രലേഖ ശ്രദ്ധിക്കപ്പെടുന്നത്. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടത് വലിയ സംഭവമായി. കണ്ണൂരിൽ അക്കാലത്തെ പ്രധാനപ്പെട്ട വിവാദ സംഭവമായി അത് മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *