നയാപൈസ കൈയില്‍ ഇല്ല, ജനങ്ങളെ പറ്റിക്കുന്ന ബജറ്റ്; വിമര്‍ശിച്ച് പ്രതിപക്ഷം
1 min read
തിരുവനന്തപുരം: ബജറ്റിലുള്ളത് രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റിന്റെ പവിത്രത മന്ത്രി കെ എന്‍ ബാലഗോപാല്‍ നഷ്ടപ്പെടുത്തി. പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മന്ത്രി തരംതാഴ്ത്തിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യത ധനമന്ത്രി തകര്‍ത്തു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്റെ നിലവാരം കെടുത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ തരംതാഴ്ത്തി.
തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിത്. നയാ പൈസ കൈയ്യില്‍ ഇല്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള ബജറ്റാണിതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
പദ്ധതി ചെലവിന്റെ 55.24 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 717 കോടി പ്രഖ്യാപിച്ചെങ്കിലും 2.76 ശതമാനം മാത്രമാണ് കൊടുത്തത്. യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ചാണ് ബജറ്റില്‍ കൂടുതല്‍ പറയുന്നത്.
വിഴിഞ്ഞം പദ്ധതി 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞ അന്നത്തെ സിപിഎം സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതി കൂടാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ പദ്ധതികളെക്കുറിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അഭിമാനം കൊള്ളുകയാണ്.
നെല്ല്, റബ്ബര്‍, നാളികേര കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയെ വളരെ നിരാശപ്പെടുത്തുന്ന ബജറ്റാണ് ഇത്. താങ്ങുവില 10 രൂപ കൂട്ടിക്കൊണ്ട് റബ്ബര്‍ കര്‍ഷകരെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ധനമന്ത്രി ചെയ്തത്. 250 രൂപയാക്കി റബ്ബര്‍ വില വര്‍ധിപ്പിക്കുമെന്നായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞത്. എന്നാല്‍, മൂന്ന് വര്‍ഷത്തിനിടെ 10 രൂപ മാത്രമാണ് താങ്ങുവില വര്‍ധിപ്പിച്ചത്.
നിലവിലെ താങ്ങുവിലയായ 170 രൂപ തന്നെ കുടിശികയാണ്. കഴിഞ്ഞവര്‍ഷം എട്ടരലക്ഷം പേര്‍ താങ്ങുവില ലഭിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍, ഈ വര്‍ഷം 32,000 പേര്‍ക്ക് മാത്രമാണ് നല്‍കിയതെന്ന് വിഡി സതീശന്‍ പറഞ്ഞു. വയനാട് പാക്കേജിന് 7600 കോടിയും ഇടുക്കി പാക്കേജിന് 12,150 കോടിയും തീരദേശ പാക്കേജിന് 12,000 കോടിയും അനുവദിച്ചിരുന്നു. ഇതില്‍ ഒരുശതമാനം പോലും ചെലവഴിച്ചില്ല. ഇത്തവണ ബജറ്റില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.