1984 സിഖ് കലാപക്കേസ്: കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ കൊലക്കുറ്റം
1 min readന്യൂഡല്‍ഹി: 1984ലെ സിഖ് കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി.
ഡല്‍ഹിയിലെ പുല്‍ ബംഗഷ് ഗുരദ്വാര കത്തിക്കാനും സിഖുകാരെ കൊല്ലാനും ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചത് ജഗദീഷ് ടൈറ്റ്ലറാണെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു.
1984 നവംബര്‍ ഒന്നിലെ കലാപത്തില്‍ സിഖുകാരെ കൊല്ലാൻ ടൈറ്റ്ലറാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. പിന്നാലെ ജനക്കൂട്ടം പുല്‍ ബംഗാഷ് ഗുരദ്വാര അഗ്നിക്കിരയാക്കുകയും സിഖുകാരായ ഠാക്കൂര്‍ സിങ്, ബാദര്‍ സിങ്, ഗുരുചരണ്‍ സിങ് എന്നിവരെ കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് കാറില്‍ നിന്നിറങ്ങി ജനക്കൂട്ടത്തെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്നത് കണ്ടതായി ഒരു സ്ത്രീ മൊഴി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്.
നേരത്തെ ടൈറ്റ്ലര്‍ക്ക് ക്ലീൻചിറ്റ് നല്‍കി സി.ബി.ഐ മൂന്നു തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി തള്ളിക്കളഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം 2015 ഡിസംബര്‍ നാലിന് കോടതി നിര്‍ദേശപ്രകാരമാണ് കേസില്‍ പുനരന്വേഷണം നടത്തുന്നത്.