ചെസ് ലോകകപ്പ്; ലോക മൂന്നാം നമ്പര്‍ താരത്തെ കീഴടക്കി പ്രജ്ഞാനന്ദ ഫൈനലില്‍
1 min readചെസ് ലോകകപ്പ്; ലോക മൂന്നാം നമ്പര്‍ താരത്തെ കീഴടക്കി പ്രജ്ഞാനന്ദ ഫൈനലില്‍
ബാക്കു | ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍. സെമിയില്‍ യു എസ് എയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ 3.5 – 2.5 എന്ന സ്‌കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം.
ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 18കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മാഗ്നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയാണ് കാള്‍സന്റെ ഫൈനല്‍ പ്രവേശം.
വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരം അര്‍ജുന്‍ എറിഗാസിയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിൽ എത്തിയത്. ആദ്യ മത്സരത്തില്‍ തോറ്റ ശേഷം തിരിച്ചു വന്ന്, ഏഴ് ടൈബ്രേക്ക് ഗെയിമുകള്‍ക്ക് ഒടുവിലാണ് ജേതാവായത്. ഫൈനലിൽ എത്തിയതോടെ അടുത്ത ലോക ചാമ്പ്യനെ നിര്‍ണയിക്കാനുള്ള കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്ക് പ്രജ്ഞാനന്ദ യോഗ്യത നേടാന്‍ സാധ്യതയേറി.