സി.ആര്‍. പാട്ടീലിനെതിരേ അഴിമതി ആരോപണം; ഗുജറാത്ത് ബിജെപിയില്‍ ഭിന്നതയേറുന്നു; സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് സിങ് വഗേല രാജിവെച്ചു
1 min readഅഹമ്മദാബാദ്: ഗുജറാത്ത് ബിജെപി നേതൃത്വത്തില്‍ ഭിന്നത രൂക്ഷമായതിന് പിന്നാലെ പ്രമുഖ നേതാവ് സ്ഥാനം രാജിവെച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പ്രദീപ് സിൻഹ് വഗേലയാണ് സ്ഥാനം രാജിവെച്ചത്. ഗാന്ധിനഗറിലെ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു വഗേല.
വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയതില്‍ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആര്‍ പാട്ടീല്‍ അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.ആരോപണമുന്നയിച്ചതിന് മൂന്ന് ബിജെപി പ്രവര്‍ത്തകരെ ദക്ഷിണ ഗുജറാത്തില്‍ നിന്ന് സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ചൗര്യസി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ സന്ദീപ് ദേശായിയാണ് പരാതി നല്‍കിയത്. സമാനമായ മറ്റൊരു കേസില്‍ പാട്ടീലിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ജിനേന്ദ്ര ഷായെ സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ, ഏപ്രിലില്‍ ജനറല്‍ സെക്രട്ടറി ഭാര്‍ഗവ് ഭട്ടിനെ പാര്‍ട്ടിയുടെ തലപ്പത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയാണ് പ്രദീപ് സിൻഹ് വഗേലയുടെ രാജി.
2010 ഓഗസ്റ്റ് പത്തിനാണ് വഗേല ഗുജറാത്ത് ബിജെപി. ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. കുറച്ചുദിവസം മുൻപ് താൻ രാജി സമര്‍പ്പിച്ചിരുന്നെന്ന് വഗേല വാര്‍ത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് രാജിവെച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ബിജെപി. സംസ്ഥാന ആസ്ഥാനം ശ്രീകമലത്തിന്റെ ചുമതലക്കാരൻ കൂടിയായിരുന്നു വഗേല