മാര്‍ റാഫേല്‍ തട്ടിൽ സിറോ മലബാർ സഭാ അധ്യക്ഷൻ

1 min read
Share it

മാര്‍ റാഫേല്‍ തട്ടിൽ സിറോ മലബാർ സഭാ അധ്യക്ഷൻ

കൊച്ചി: സിറോ മലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തു. മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ തീരുമാനം വാർത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്.

കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് നടന്ന ആദ്യ സിനഡ് യോഗത്തിലാണ് സിറോ മലബാർ സഭയുടെ 4-ാം മത്തെ മേജർ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചത്. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പാണ് റാഫേൽ തട്ടിൽ.

മാർപാപ്പ അനുമതി നൽകിയതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമാണ് പ്രഖ്യാപനം നടന്നത്. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു.

മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു. സിറോ മലബാർസഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

എല്ലാവരുടേയും സ്നഹവും സഹകരണവും പ്രതീക്ഷിക്കുന്നതായി റാഫേൽ തട്ടിൽ പറഞ്ഞു. മെത്രാൻ ഒരു സ്വകാര്യ സ്വത്തല്ല, എല്ലാവരും ഒപ്പമുണ്ടാകണം. കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്ന ശൈലി നമുക്ക് ഉണ്ടാകണമെന്നും ​അദ്ദേഹം പറഞ്ഞു. നാളെ 2.30 ന് സ്ഥാനാരോഹണ ചടങ്ങ് മൗണ്ട് സെന്റ് തോമസിൽ നടക്കും.

1956 ഏപ്രിൽ 21-ന് തൃശൂരിൽ ജനിച്ച മാർ റാഫേൽ തട്ടിൽ, വടവാതൂർ സെമിനാരിയിലെ വിദ്യാഭ്യാസത്തിനുശേഷം 1980 ഡിസംബർ 21-ന് പുരോഹിതനായി. തുടർന്ന് റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിട്യൂട്ടിൽനിന്ന് പൗരസ്ത്യകാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു. മേരി മാതാ സെമിനാരിയുടെ റെക്ടറായി 1998 മുതൽ 2007 വരെ സേവനമനുഷ്ടിച്ചിട്ടുണ്ട്.

2010 ജനുവരി 18-ന് തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2010 ഏപ്രിൽ 10-ന് മെത്രാഭിഷേകം സ്വീകരിച്ചു. 2013 ഡിസംബർ 23-ന് അപ്പസ്തോലിക വിസിറ്ററ്ററായി നിയമിച്ചു. 2017 ഒക്ടോബർ 10-ന് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!