മത്സരത്തിനിടെ കുഴഞ്ഞു വീണു, ഘാന ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

1 min read

മത്സരത്തിനിടെ കുഴഞ്ഞു വീണു, ഘാന ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ഘാന ഫുട്‌ബോൾ താരം റാഫേൽ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ശനിയാഴ്ച അൽബേനിയൻ ലീഗിലെ എഗ്‌നേഷ്യയും പാർടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

മത്സരത്തിന്റെ 24-ാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന മെഡിക്കൽ സംഘം പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2017ൽ ദ്വാമേനയ്‌ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ താരം ബൂട്ടഴിക്കാൻ
തയ്യാറായില്ല. 2021-ൽ ഓസ്ട്രിയൻ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ദ്വാമേനയ്‌ക്ക് ഇംപ്ലാന്റബിൾ കാർഡിയോവേർട്ടർ-ഡിഫിബ്രിലേറ്റർ (ഐസിഡി) ഘടിപ്പിച്ചിരുന്നു.

പ്രീമിയർ ലീഗിലെ ബ്രൈറ്റൺ ക്ലബിൽ ചേരുന്നതിനായി വൈദ്യ പരിശോധനയ്‌ക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തെ ക്ലബിലെടുത്തില്ല. തന്റെ ഫുട്‌ബോൾ ജീവിതം അവസാനിപ്പിക്കാൻ
താത്പര്യമില്ലായിരുന്ന ദ്വാമേന ഇതോടെ അൽബേനിയൻ ലീഗിലെ പ്രധാനിയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *