UTS ആപ്പില്‍ ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം
1 min readUTS ആപ്പില്‍ ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം; ദൂരപരിധി ഇല്ലാതാക്കി
കണ്ണൂർ: സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈൽ ആപ്പായ അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയിൽവേ കൂടുതൽ ജനോപകാരപ്രദമാക്കി. ഇനിമുതൽ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനിൽനിന്ന് മറ്റൊരിടത്തേക്കു ജനറൽ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് കണ്ണൂരിൽ നിൽക്കുന്ന ഒരാൾക്ക് കോഴിക്കോട്ടുനിന്ന് പത്തനംതിട്ടയിലേക്ക് പോകാൻ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രം.
ഇതുവരെ നമ്മൾ നിൽക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളിൽനിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോൾ സ്റ്റേഷന്റെ 25 കിലോമീറ്റർ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോൾ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ പരിഷ്കാരം. എക്സ്പ്രസ്/സൂപ്പർഫാസ്റ്റ് ജനറൽ ടിക്കറ്റുകൾ, സീസൺ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ് എന്നിവയും ആപ്പിലൂടെ എടുക്കാം. അഞ്ചുകൊല്ലം മുൻപ് ഈ മൊബൈൽ ആപ്പ് നിലവിൽവന്നപ്പോൾ മുതൽ യാത്രക്കാർ ആവശ്യപ്പെട്ടുവരുന്ന കാര്യമാണ് ഇപ്പോൾ യാഥാർഥ്യമായത്.
ആപ്പിൽ ടിക്കറ്റ് എടുക്കുന്നതു കൂടിയതോടെ കൗണ്ടറിലൂടെയുള്ള ടിക്കറ്റ് വിൽപ്പന 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ആപ്പിന്റെ സ്വീകാര്യത കൂടിയതിനാൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ക്യു.ആർ.കോഡ് പതിച്ചുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. ആപ്പിലെ ക്യു.ആർ. ബുക്കിങ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്നതാണിത്. പാസഞ്ചർ വണ്ടികൾ മാത്രം നിർത്തുന്ന ഹാൾട്ട് സ്റ്റേഷനുകളിൽനിന്നുള്ള ടിക്കറ്റുകളും എടുക്കാവുന്ന പരിഷ്കാരവും ആപ്പിൽ ഇപ്പോൾ വരുത്തിയിട്ടുണ്ട്. ഹാൾട്ട് സ്റ്റേഷനിൽനിന്ന് ആപ്പിൽ ടിക്കറ്റെടുക്കാമെന്നതിനെ യാത്രക്കാർ വ്യാപകമായി സ്വാഗതംചെയ്തിട്ടുണ്ട്.