സർക്കാർ ജീവനക്കാർക്ക് 730 ദിവസം ശിശു സംരക്ഷണ അവധി
1 min readവനിതാ ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർക്കാർ സർവീസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധിക്ക് അർഹതയുണ്ടെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്. ലോക്സഭയിൽ രേഖാമുലം എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സിവിൽ സർവീസ് നിയമ പ്രകാരം സർക്കാർ ജീവനക്കാർക്ക് 730 ദിവസം അവധിയെടുക്കാം.
സിവിൽ സർവീസിലും മറ്റു കേന്ദ്രസർക്കാർ സർവീസിലും ജീവനക്കാർക്കും അവധി ബാധകമാണ്. കുട്ടികൾക്ക് 18 വയസാകുന്നതു വരെ ഈ അവധി ഉപയോഗിക്കാം. ആദ്യത്തെ രണ്ടു കുട്ടികളുടെ സംരക്ഷണത്തിനാകും അവധി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ പ്രായപരിധി ബാധകമല്ല. കുഞ്ഞു ജനിച്ചശേഷം ആറുമാസത്തിനുള്ളിൽ പരിപാലനത്തിനായി ഇതുവരെ 15 ദിവസമായിരുന്നു പുരുഷ ജീവനക്കാർക്ക് അവധി അനുവദിച്ചിരുന്നത്.
സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും പുരുഷന്മാർക്ക് കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി ഒരു മാസത്തെ അവധിയും സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം.