സംവിധായകൻ സിദ്ധിഖ് അന്തരിച്ചു

1 min read
Share it

കൊച്ചി: സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  63 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ധിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്.

സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.

നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ധിഖ് കലാലോകത്തേയ്‍ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ധിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ധിഖിന്റെ സിനിമാ പ്രവേശം. സിദ്ധിഖ് – ലാല്‍ കോമ്പോ മോഹൻലാല്‍ ചിത്രമായ ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ധിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം ‘റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു. സിദ്ധിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.

അന്നോളമുള്ള കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ധിഖും ആദ്യ സംരഭത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ധിഖ്- ലാല്‍ തുടര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ‘ഇൻ ഹരിഹര്‍ നഗറും’ ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായ ‘ഗോഡ് ഫാദറും’ പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ധിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ‘വിയറ്റ്‍നാം കോളനി’, ‘കാബൂളിവാല’ എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാല്‍ പേരെടുത്തു.

സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ധിഖ് സംവിധാനം ചെയ്‍തത് മമ്മൂട്ടി നായകനായ ‘ഹിറ്റ്‍ലെര്‍’ ആയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്‍സ്’ സിദ്ധിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.

സിദ്ധിഖ് നിരവധിടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡി’ന്റെ ജഡ്‍ജ് ആയിരുന്നു. കോമഡി സ്റ്റാര്‍ സീസണ്‍ 2 ഷോയിലും ജഡ്‍ജായെത്തി. സിനിമാ ചിരിമ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായിരുന്നു. മലയാളത്തിന്റെ പുതു മിമിക്രി സിനിമാ താരങ്ങള്‍ക്ക് സിദ്ധിഖ് എന്നും പ്രോത്സാഹനവുമായി എത്താറുണ്ട്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!