ആറളത്ത് രണ്ട് വീടുകളിൽ നിന്ന് മാനിറച്ചി പിടിച്ചു

ഇരിട്ടി: ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിൽ രണ്ട് വീടുകളിൽ നിന്ന് മലമാനിന്റെ ഇറച്ചി വനപാലക സംഘം പിടികൂടി. വിയറ്റ്‌നാം കോളനിക്ക് സമീപത്തെ വിബീഷ്, ബിജു എന്നിവരുടെ വീടുകളിൽ നിന്നാണ് വേവിച്ചതും വേവിക്കാത്തതുമായ ഇറച്ചി കണ്ടെത്തിയത്.

കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി സുധീർ നരോത്തിന്റെ നേതൃത്വത്തിൽ കീഴ്പള്ളി, ഇരിട്ടി, മണത്തണ സെക്‌ഷൻ ഫോറസ്റ്റർമാരും വാച്ചർമാരും ചേർന്നാണ് പരിശോധന നടത്തിയത്.

കീഴ്പള്ളി സെക്‌ഷൻ പരിധിയിലെ വനത്തിൽ നിന്ന്‌ അനധികൃതമായി വേട്ടയാടി പിടിച്ച മലമാനിന്റെ ഇറച്ചിയാണ് വീട്ടിൽ സൂക്ഷിച്ചതെന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇരുവരും വീട്ടിൽ ഇല്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *