കുതിക്കട്ടെ പയ്യന്നൂർ; ടെർമിനൽ സ്റ്റേഷനായി ഉയരുന്നത് സ്വപ്നം കണ്ട് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ
1 min readകുതിക്കട്ടെ പയ്യന്നൂർ; ടെർമിനൽ സ്റ്റേഷനായി ഉയരുന്നത് സ്വപ്നം കണ്ട് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ
അമൃത് ഭാരത് പദ്ധതിയിലുൾപ്പെട്ടതോടെ വികസനത്തിലേക്കു കുതിക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ, ടെർമിനൽ സ്റ്റേഷനായി ഉയരുന്നതു സ്വപ്നം കാണുകയാണു നാട്ടുകാരും യാത്രക്കാരും. ടെർമിനൽ സ്റ്റേഷൻ യാഥാർഥ്യമായാൽ നാടിന്റെ തന്നെ മുഖഛായ മാറും.
ഗുണമേറെ
ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനാണ് ടെർമിനൽ സ്റ്റേഷൻ. കണ്ണൂരിനിപ്പുറം ട്രെയിനുകൾ കുറവാണ്. കണ്ണൂർ വിട്ടാൽ മംഗളൂരുവിൽ മാത്രമേ ടെർമിനൽ സ്റ്റേഷനുള്ളൂ. അതുകൊണ്ട് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന എല്ലാ ട്രെയിനുകൾക്കും മംഗളൂരുവിൽ എത്തി തിരിച്ചുവരാൻ സമയമില്ല. അതേസമയം പയ്യന്നൂരിൽ ടെർമിനൽ സ്റ്റേഷൻ അനുവദിച്ചാൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന പല ട്രെയിനുകൾക്കും പയ്യന്നൂർ വരെ സർവീസ് നടത്താൻ കഴിയും.
ഇതുവഴി കണ്ണൂരിലെ ട്രാക്കുകൾ ഒഴിയുന്നതിനാൽ പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങാം. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ പയ്യന്നൂരിലേക്ക് വന്നാൽ കണ്ണൂർ ജില്ലയിലെ വടക്കൻ മേഖലയിലും കാസർകോട് ജില്ലയിലെ തെക്കൻ മേഖലയിലും മലയോര മേഖലയിലുമുള്ള ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.
നിലവിൽ രാത്രി 12നു കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ വരുന്ന യാത്രക്കാർ പയ്യന്നൂർ ഭാഗത്തേക്ക് വരാൻ കെഎസ്ആർടിസി ബസിനെയാണ് ആശ്രയിക്കുന്നത്. ആ ട്രെയിനുകൾ പയ്യന്നൂരിൽ യാത്ര അവസാനിപ്പിച്ചാൽ പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കും മലയോര മേഖലയിലേക്കും പോകേണ്ട യാത്രക്കാർക്കു മണിക്കൂറുകളുടെ സമയലാഭം ഉണ്ടാകും.
ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ്..കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
പയ്യന്നൂർ ടെർമിനൽ സ്റ്റേഷൻ ആകുമ്പോൾ യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയ്ക്ക് കൂടുതൽ ബസ് സർവീസുകളും തുടങ്ങാൻ സാധിക്കും. ഇത് പയ്യന്നൂർ ടൗണിന്റെ വികസനത്തിനും വഴിവയ്ക്കും. കൂടാതെ തെയ്യങ്ങളുടെയും പൂരക്കളിയുടെയും കോൽക്കളിയുടെയും കളരിയുടെയും പെരുമ കൊണ്ട് പ്രശസ്തിയാർജിച്ച ഈ പ്രദേശത്തെ തീർഥാടന ടൂറിസത്തിനും ഏറെ ഗുണകരമാകും.
ട്രാക്ക് വേണം
കണ്ടങ്കാളി വയലിൽ തുടങ്ങാൻ പോകുന്ന പെട്രോളിയം ശാലയ്ക്കു വേണ്ടി നിർദേശിച്ച പുതിയ റെയിൽവേ ട്രാക്കാണ് ചങ്കുരിച്ചാൽ പാലം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ട്രാക്ക്. സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തു വരുന്ന ഈ ട്രാക്കിനൊപ്പം സ്റ്റേഷന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പുതിയ ട്രാക്കുകൾ പണിതാൽ ടെർമിനൽ സ്റ്റേഷൻ സ്ഥാപിക്കാം. ട്രെയിൻ എക്സാമിനേഷൻ പോയിന്റ്, വാഗൺ ഗാരിജ്, ഇലക്ട്രിക്കൽ പോയിന്റ്, കോച്ചുകൾ ചാർജ് ചെയ്യാനുള്ള സംവിധാനം, റണ്ണിങ് ബംഗ്ലാവ്, ക്ലീനിങ് വിഭാഗം തുടങ്ങിയവയെല്ലാം സ്ഥാപിക്കാനുള്ള സൗകര്യവും സ്റ്റേഷനിലുണ്ട്. ആവശ്യമായ സ്ഥലം അക്വയർ ചെയ്യാനും കഴിയും. ആവശ്യത്തിന് വെള്ളവും പയ്യന്നൂരിൽ നിന്ന് ലഭ്യമാക്കാനാകും.
അമൃത് പദ്ധതി
അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂരിന് 32ലധികം കോടി രൂപയാണ് റെയിൽവേ അനുവദിച്ചത്. ഇതിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്റ്റേഷന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തു വലിയൊരു പാർക്കിങ് കേന്ദ്രമാണ് ഒരുങ്ങുന്നത്. ഇവിടെ വാണിജ്യ സമുച്ചയവും ആലോചിക്കുന്നുണ്ട്. പ്ലാറ്റ്ഫോമും നവീകരിക്കുന്നുണ്ട്. പുതിയ 2 കെട്ടിടങ്ങളും വീതികൂടിയ മേൽനടപ്പാലവും എസ്കലേറ്ററും ലിഫ്റ്റും പ്ലാറ്റ്ഫോമിൽ വരുന്നതു യാത്രക്കാർക്കും വലിയ സഹായമാകും. സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് അഞ്ചാമതൊരു ട്രാക്ക് കൂടി ഉണ്ടാക്കുന്നുണ്ട്.