പയ്യന്നൂരിൽ തെരുവുനായ്ക്കൾ ഭീതിപരത്തുന്നു
1 min readപയ്യന്നൂരിൽ തെരുവുനായ്ക്കൾ ഭീതിപരത്തുന്നു
പയ്യന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. സന്ധ്യ മയങ്ങിയാൽ റോഡുകളിലും ഇടവഴികളിലുമെല്ലാം തെരുവുനായ്കളാണ്. രാത്രിയിലും പകലുമെല്ലാം ടൗണിൽ വിഹരിക്കുന്ന തെരുവുനായ്കൾ പയ്യന്നൂരിലെ സ്ഥിരം കാഴ്ചയാണ്. വ്യാപാര സ്ഥാപനങ്ങൾ, ആസ്പത്രി, സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളെല്ലാം നായ്ക്കളുടെ നിയന്ത്രണത്തിലാണ്. രാത്രി ആളുകൾ കുറഞ്ഞാൽ പഴയ ബസ്‌സ്റ്റാൻഡിൽ തെരുവുനായ്കൾ വിഹരിക്കും. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലും പരിസരത്തും നായ്ക്കൂട്ടം താവളമാക്കുകയാണ്. സ്റ്റേഷനിൽ എത്തുന്ന പാഴ്സലുകളും ഇവ കടിച്ച് നശിപ്പിക്കുന്നു.
തീവണ്ടി യാത്രക്കാരെ ആക്രമിച്ചു
തീവണ്ടി യാത്രക്കാരെ തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെതിരേ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഏതാനും ആഴ്ചകൾക്ക് മുൻപ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായയുടെ ആക്രമണം കാരണം മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ആളുകൾ ഭയന്ന് ഓടി രക്ഷപ്പെട്ടു.
കണ്ടങ്കാളി മാവിച്ചേരി പ്രദേശത്തും പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡിലുമെല്ലാം തെരുവുനായ്കൾ കാരണം പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് തെരുവുനായ ആക്രമണത്തിൽ മാവിച്ചേരിയിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റ് കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സതേടിയിരുന്നു. ഏതാനും മാസം മുൻപ് അന്നൂരിൽ തെരുവുനായ കടിച്ച് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.
എങ്ങും നായ്ക്കൾ
പയ്യന്നൂർ ഗവ. ആസ്പത്രി പരിസരം, മൂരിക്കൊവ്വൽ, തായിനേരി, പയ്യന്നൂർ ബോയ്സ് സ്കൂൾ, ബി.എം.എൽ.പി. സ്കൂൾ, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരം എന്നിവിടങ്ങളിലെല്ലാം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ കാണാം. രാത്രിയായാൽ റോഡിലൂടെ ആർക്കും സഞ്ചരിക്കാൻപറ്റാത്ത അവസ്ഥയാണ്. സംഘംചേർന്ന് സഞ്ചരിക്കുന്ന നായ്ക്കളാണ് കാരണം.
ഇരുചക്ര വാഹനങ്ങളെ അപകടത്തിലാക്കുന്നു
ഇരുചക്ര വാഹന യാത്രക്കാർ തെരുവുനായ്ക്കൾ ഓടിച്ചതിനാൽ അപകടത്തിൽപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുന്നുണ്ട്. സ്കൂളിലേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു. രാവിലെ എഴുന്നേറ്റ് ജോലിചെയ്യുന്ന പത്രവിതരണക്കാർ, പാൽ വിതരണക്കാർ, ജോലിക്കുപോകുന്നവർ എല്ലാം ഭീഷണിയിലാണ്.
പ്രശ്നത്തിന് പരിഹാരംകാണാൻ അധികൃതർ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്ന പ്രവൃത്തികൾ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്നുണ്ട്. പയ്യന്നൂരിൽ ഇത് ക്രിയാത്മകമായി നടപ്പാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കെ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക