ചിന്തയുടെ 60-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ആഗസ്ത് 7ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നായനാര്‍ അക്കാദമിയില്‍ ഓപ്പണ്‍ഫോറം സംഘടിപ്പിക്കുന്നു

1 min read
Share it

സിപിഐ(എം) പിബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഡോ. ടി.എം. തോമസ് ഐസക്ക്, എം. സ്വരാജ്, ദിനേശന്‍ പുത്തലത്ത്, കെ.എസ്. രഞ്ജിത്ത് എന്നിവര്‍ മറുപടി നല്‍കും. ചിന്തയില്‍ മൂന്ന് ദശകത്തോളം ഇഎംഎസ് കൈകാര്യം ചെയ്തിരുന്ന ചോദ്യോത്തരങ്ങള്‍ മൂന്ന് വാള്യം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യോത്തരങ്ങളില്‍ നിന്ന് കാലികമായ ഏക സിവില്‍കോഡും വര്‍ഗീയതയും സംബന്ധിച്ച അദ്ധ്യായങ്ങളാണ് ഓപ്പണ്‍ഫോറത്തില്‍ സംവാദവിഷയമാക്കുന്നത്.

സിപിഐ(എം)ന്‍റെ താത്വിക പ്രസിദ്ധീകരണമായ ചിന്ത 1963 ആഗസ്ത് 15നാണ് ആരംഭിച്ചത്. അന്ന് മുതല്‍ മാര്‍ക്സിസ്റ്റ് ലെിനിനിസ്റ്റ് കാഴ്ചപ്പാടോടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടിയുള്ള ശരിയായ നിലപാടുകള്‍ ജനങ്ങളിലെത്തിക്കുന്നതിന് ചിന്ത നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. സിപിഐ(എം)നും ഇടതുപക്ഷത്തിനും ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കുമെതിരെ വലതുപക്ഷം നടത്തുന്ന ഉപരിതലത്തില്‍ നിന്നുകൊണ്ട് മാത്രമുള്ള കടന്നാക്രമണങ്ങളെ തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്‍റെ അടിസ്ഥാന കാഴ്ചപ്പാടോടെ തുറന്നുകാട്ടുന്നതിന് ചിന്ത മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

മുതലാളിത്ത സാമൂഹ്യവ്യവസ്ഥ പിന്തുടരുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രം സോഷ്യലിസം നടപ്പാക്കാന്‍ കഴിയില്ലെന്നും നവലിബറല്‍ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളാണ് നടപ്പാക്കിവരുന്നതെന്നും കാര്യകാരണ സഹിതം ചിന്ത വിവരിക്കുമ്പോള്‍ അത് വസ്തുനിഷ്ഠമാകുന്നു. വിഷയാടിസ്ഥാനത്തില്‍ സമഗ്രപഠനം നടത്താന്‍ കഴിയുംവിധത്തില്‍ മണിപ്പൂര്‍ കലാപം, ഏകസിവില്‍കോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം ചിന്തയില്‍ വിശദമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പ്രാസംഗികര്‍ക്കും രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരവും പഠനാര്‍ഹവുമാണ്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രഗത്ഭരായ എഴുത്തുകാരെ ഉപയോഗപ്പെടുത്തി സമീപകാലത്ത് എഴുതാറുണ്ട്.

ആശയതലത്തില്‍ വലതുപക്ഷ നിലപാടുകളെ വസ്തുതകളുടെയും ശരിയായ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന ചിന്തയുടെ 60-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനമാണ് കണ്ണൂരില്‍ ആഗസ്ത് 7ന് നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും ഓപ്പണ്‍ഫോറത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എം.വി. ജയരാജന്‍

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!