അരക്കോടി രൂപയിലേറെ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ

1 min read
Share it

അരക്കോടി രൂപയിലേറെ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ

ബംഗളൂരു മുനേശ്വരനഗറില്‍ സർമീൻ അക്തർ എന്ന ഇരുപത്താറുകാരിയാണ് ആലുവ റയില്‍വെസ്റ്റേഷനില്‍വച്ച്‌ പിടിയിലായത്. സ്ഥിരമായി ബെംഗളുരുവില്‍ നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും യുവാക്കള്‍ക്ക് കൈമാറുകയുമായിരുന്നു യുവതിയുടെ രീതി.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്നാണ് യുവതിയെ അറസ്റ്റുചെയ്തത്. സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ് യുവതി എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഡല്‍ഹിയില്‍ നിന്നാണ് യുവതി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്. ട്രെയിനിലാണ് യാത്ര. ആർക്കും സംശയം തോന്നാതെ തന്റെ ഇടപാടുകാർക്ക് അന്നുതന്നെ ലഹരി കൈമാറും. പിറ്റേദിവസം തന്നെ ട്രെയിനില്‍ മടങ്ങിപ്പോകുകയും ചെയ്യും. കൊച്ചിയില്‍ നിരവധി യുവാക്കള്‍ യുവതിയുടെ കസ്റ്റമേഴ്സായുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. അനില്‍, ആലുവ ഡിവൈ.എ.സ്.പി എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഒരു കിലോ എംഡിഎംഎയാണ് യുവതിയില്‍ നിന്നും പിടിച്ചെടുത്തത്. മാർക്കറ്റില്‍ അരക്കോടി രൂപയിലേറെയാണ് ഇതിന്റെ വില.

അതേസമയം കോഴിക്കോട് രണ്ടുകോടി വില വരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ പോയ രണ്ടാമത്തെ പ്രതിയും പിടിയിലായി. പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയില്‍ ഹൗസില്‍ ആല്‍ബിൻ സെബാസ്റ്റ്യ(24)നെയാണ് ഇടുക്കി കുമളിയില്‍ നിന്ന് വെള്ളയില്‍ ഇൻസ്‌പെക്ടർ ജി ഹരീഷും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച്‌ ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തില്‍ വെള്ളയില്‍ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. പൊലീസ് പരിശോധനക്ക് വീട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. 779 ഗ്രാം എം.ഡി .എം. എയും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80 എല്‍ എസ്.ഡി സ്റ്റാബുകള്‍ എന്നിവയും പിടിച്ചെടുത്തു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!