ദിനേശ് കാര്‍ത്തിക്കിനും രക്ഷിക്കാനായില്ല; ഹൈദരാബാദിന്റെ റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ആര്‍സിബി
1 min readദിനേശ് കാര്‍ത്തിക്കിനും രക്ഷിക്കാനായില്ല; ഹൈദരാബാദിന്റെ റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ആര്‍സിബി
ബെംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് വിജയലക്ഷ്യം എത്തിപ്പിടിക്കാനാവാതെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണു. ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബെംഗളൂരു 25 റണ്‍സ് അകലെ പരാജയം വഴങ്ങി. ദിനേശ് കാര്‍ത്തിക് (83), ഫാഫ് ഡുപ്ലെസിസ് (62), വിരാട് കോഹ്‌ലി (42) എന്നിവരുടെ ഇന്നിങ്‌സ് കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് മാത്രമാണ് ബെംഗളൂരുവിന് നേടാനായത്.
ടി20 ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമാണിത്. 549 റണ്‍സും 38 സിക്‌സും ഇന്നത്തെ മത്സരത്തില്‍ പിറന്നു. സീസണില്‍ ആറാം പരാജയമാണ് ആര്‍സിബി വഴങ്ങിയത്. ഒരു മത്സരം മാത്രമാണ് ബെംഗളൂരുവിന് വിജയിക്കാനായത്. അതേസമയം ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാം വിജയവും സീസണിലെ നാലാം വിജയവുമാണിത്.
ചിന്നസ്വാമിയില്‍ ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 287 റണ്‍സ് നേടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമെന്ന സ്വന്തം റെക്കോര്‍ഡാണ് സണ്‍റൈസേഴ്‌സ് ചിന്നസ്വാമിയില്‍ തകര്‍ത്തത്. ഇതേ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കുറിച്ച 277 റണ്‍സെന്ന സ്വന്തം ടോട്ടല്‍ തന്നെയാണ് ആര്‍സിബിക്കെതിരെ ഹൈദരാബാദ് മറികടന്നത്. ട്രാവിസ് ഹെഡിന്റെ (102) തകര്‍പ്പന്‍ സെഞ്ച്വറിയും ഹെന്റിച്ച് ക്ലാസന്റെ (67) ഇന്നിങ്‌സുമാണ് ഹൈദരാബാദിനെ ഹിമാലയന്‍ ടോട്ടലിലേക്ക് നയിച്ചത്.
കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനെത്തിയ ബെംഗളൂരുവിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ വിരാട് കോഹ്‌ലി ഫാഫ് ഡു പ്ലെസിസ് സഖ്യത്തിനായി. എന്നാല്‍ 20 പന്തില്‍ 42 റണ്‍സെടുത്ത കോഹ്‌ലിയെ ബൗള്‍ഡാക്കി മായങ്ക് മാര്‍ക്കണ്ഡെ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ വില്‍ ജാക്‌സ് (7), രജത് പട്ടിധാര്‍ (9), സൗരവ് ചൗഹാന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി.
ഇതിനിടെ ഡുപ്ലെസിസിനെ (62) കമ്മിന്‍സും മടക്കി. മഹിപാല്‍ ലോംറോറും (19) മടങ്ങിയതോടെ ആര്‍സിബി 181 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയിലായി. വിജയപ്രതീക്ഷ കൈവിട്ട ബെംഗളൂരുവിനെ ദിനേശ് കാര്‍ത്തിക്ക് മുന്നോട്ടുനയിച്ചു. 35 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് 83 റണ്‍സുമായി 19-ാം ഓവറിലാണ് പുറത്തായത്. ഹൈദരാബാദിന് വേണ്ടി കമ്മിന്‍സ് മൂന്നും മര്‍കണ്ഡെ രണ്ടും വിക്കറ്റ് വീഴ്ത്തി.