കാരുണ്യം ഒഴുകിയെത്തി, 34 കോടി സമാഹരിച്ചു; അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേയ്ക്ക്

1 min read
Share it

കാരുണ്യം ഒഴുകിയെത്തി, 34 കോടി സമാഹരിച്ചു; അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേയ്ക്ക്

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി
അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യമാകുന്നു. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് 34 കോടി 45 ലക്ഷം പിന്നിട്ടു. ദയാധനം നല്‍കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ഇത്രയും തുക സമാഹരിക്കാന്‍ കഴിഞ്ഞത്. സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും.

റഹീമിന്റെ ജീവന്‍ രക്ഷിക്കാനായി സ്വദേശമായ ഫറോക്ക് കോടമ്പുഴയില്‍ രൂപംനല്‍കിയ സന്നദ്ധ കൂട്ടായ്മയാണ് ധനസമാഹരണം ഏകോപിപ്പിച്ചത്.ഇതിനായി സേവ് അബ്ദുല്‍ റഹീം എന്ന ആപ്പും തുടങ്ങിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, യുപിഐ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ക്കു പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്.

കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006ല്‍ 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്പോണ്‍സറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തില്‍ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത്.

2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയായിരുന്നു. ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ ഇപ്പോള്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ സംസ്ഥാന വ്യാപകമായി പണപ്പിരിവുമായി യാചകയാത്ര പ്രഖ്യാപിച്ചതോടെ ധനസമാഹരണം കൂടുതല്‍ എളുപ്പമായി.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!