ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം’; ഗണേഷ് കുമാറിനെതിരെ സമരവുമായി സിഐടിയു
1 min readഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം’; ഗണേഷ് കുമാറിനെതിരെ സമരവുമായി സിഐടിയു
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഗണേഷ് കുമാര്‍ ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമാണെന്ന് ഓര്‍ക്കണമെന്ന് സിഐടിയു നേതാവ് കെ കെ ദിവാകരന്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഗണേഷ് കുമാറിനെതിരെ സിഐടിയു സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തി. സെക്രട്ടേറിയറ്റ് സമരത്തിന് ശേഷം രണ്ടാം ഘട്ടമായി മന്ത്രിയുടെ വീട്ടിലേക്ക് സമരം നയിക്കും. പരിഷ്കാരം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ മൂന്നാം ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെ കെ ദിവാകരന്‍ പറഞ്ഞു.
ഓള്‍കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് കൂടിയാണ് കെ കെ ദിവാകരന്‍. മന്ത്രിയെ ഇടതുമുന്നണി നിയന്ത്രിക്കണം. അല്ലെങ്കില്‍ തൊഴിലാളികള്‍ വിചാരിച്ചാലും മന്ത്രിയെ നിയന്ത്രിക്കാന്‍ പറ്റുമെന്ന് കെകെ ദിവാകരന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കണമെന്ന് എന്തിന് മന്ത്രി വാശി പിടിക്കുന്നുവെന്നും സിഐടിയു ചോദിക്കുന്നു.