രാമകൃഷ്ണന്‍മാര്‍ കൂടിപ്പിരിഞ്ഞു; തൃച്ചംബരത്ത് ഭക്തജനസാഗരം, ഉത്സവം സമാപിച്ചു
1 min read
തളിപ്പറമ്പ്: രണ്ടാഴ്ച നീണ്ടു നിന്ന തൃച്ചംബരം ക്ഷേത്ര ഉത്സവം ഇന്ന് വൈകുന്നേരം നടന്ന ഭക്തി നിര്‍ഭരമായ കൂടിപ്പിരിയലോടെ സമാപിച്ചു. കൊടും ചൂടിനെ പോലും വകവയ്ക്കാതെ ഭക്തജനലക്ഷങ്ങള്‍ വടക്കന്‍ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഒഴുകുകയായിരുന്നു .രാമകൃഷ്ണലീലയുടെ ഐതിഹ്യം വിളിച്ചോതുന്നതാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവേളയിലെ ഓരോ ആചാര അനുഷ്ടാനങ്ങളും. തൃച്ചംബരത്തപ്പനായ ഭഗവാന്‍ ശ്രീകൃഷ്ണനും ജ്യേഷ്ഠ സഹോദരനായ മഴൂരപ്പന്‍ ബലരാമനും തമ്മിലുള്ള ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും ബാലലീലകളുമാണ് തൃച്ചംബരം ഉത്സവം. ജ്യേഷ്ഠാനുജന്‍മാരായ ബലഭദ്രനും ശ്രീകൃഷ്ണനും പുലര്‍ച്ചെ പൂക്കോത്ത് നടയില്‍ ആനന്ദനൃത്തമാടുന്നത് ദര്‍ശിക്കുവാന്‍ നിരവധി പേരാണ് പൂക്കോത്ത് നടയില്‍ എത്തിയത്.
കൂടിപ്പിരിയല്‍ എന്ന ചടങ്ങോടെയാണ് ഉത്സവം സമാപിക്കുന്നത്. കളിയില്‍ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോള്‍ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാന്‍ ഇരുവരുടെയും ശ്രദ്ധ തിരിച്ച് കളിയവസാനിപ്പിക്കാന്‍ ക്ഷേത്രത്തിലേക്കുള്ള പാല്‍പായസത്തിന്പാല്‍ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സില്‍ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു. നിറഞ്ഞു തുളുമ്പുന്ന പാല്‍ക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണന്‍ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്‌ക്കാരമാണ് കൂടിപ്പിരിയാല്‍ ചടങ്ങ്. ശിരസില്‍ പാല്‍ക്കുടവുമായി കളിക്കിടയിലെക്ക് വരുന്ന പാലമൃതനെ കണ്ടു ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവകാലത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്. കണ്ടു നില്‍ക്കുന്നവരുടെ പോലും മനസ്സില്‍ സങ്കടം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്. തൃച്ചംബരം ക്ഷേത്രത്തില്‍ നിന്ന് സ്വന്തം ആരൂഡമായ മഴൂര്‍ ബലഭദ്ര ക്ഷേത്രത്തിലേക്ക് പോകാന്‍ ഇറങ്ങുന്ന ബലരാമനൊപ്പം ശ്രീകൃഷ്ണനും ഇറങ്ങുന്നു. ക്ഷേത്രത്തില്‍ നിന്ന് പൂന്തുരുത്തി തോടും കടന്ന് നീങ്ങുന്ന ഇരുവര്‍ക്കൊപ്പും ഭക്തജനങ്ങളും ഒപ്പം ചേരും.ജേഷ്ടാനുജന്‍മാരുടെ വേര്‍പിരിയലിന് സാക്ഷി ആകാനും, ദര്‍ശിക്കാനും വന്‍ ജനാവലിയാണ് ഇന്ന് തൃച്ചംബരത്ത് എത്തിച്ചേര്‍ന്നത്. കുടിപ്പിരിയലിന് ശേഷം നാട് അടുത്ത വര്‍ഷത്തെ കൂടിച്ചേരലിനായി കാത്തിരിക്കുകയാണ്. തളിപ്പറമ്പ് ദേശക്കാരുടെ ഒരു വര്‍ഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.