മേലെചൊവ്വ മേല്‍പ്പാലം; ഫെബ്രുവരി അവസാനത്തോടെ ടെന്‍ഡര്‍
1 min read
മേലെചൊവ്വ മേല്‍പ്പാലം;
ഫെബ്രുവരി അവസാനത്തോടെ ടെന്‍ഡര്‍
കണ്ണൂർ: മേലെചൊവ്വയിലെ മേല്‍പ്പാലം പദ്ധതിക്കായുള്ള ടെന്‍ഡര്‍ ഫെബ്രുവരി അവസാനത്തോടെ ക്ഷണിക്കാനാകുമെന്ന് ആര്‍ബിഡിസികെ മാനേജര്‍ കണ്ണൂര്‍ മണ്ഡലം പൊതുമരാമത്ത് അവലോകന യോഗത്തില്‍ അറിയിച്ചു. കിഫ്ബിയില്‍ നിന്നുള്ള അനുമതി വേഗത്തില്‍ ലഭിക്കുമെന്നും അത് ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കുമെന്നും മാനേജര്‍ യോഗത്തില്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍-പുരാവസ്തു മ്യൂസിയം വകുപ്പ് രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കിബസാര്‍ മേല്‍പ്പാലത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ 70 ശതമാനം പൂര്‍ത്തിയായി. ബാക്കിയുള്ള ഭൂമിയെറ്റെടുക്കലിന് കേസ് നിലനില്‍ക്കുന്നതിനാലാണ് കാലതാമസമെന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
മണ്ഡലത്തില്‍ നടപ്പാക്കുന്നതും പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെ കുറിച്ചും യോഗം അവലോകനം ചെയ്തു. പദ്ധതി നിര്‍വഹണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ജാഗ്രതയോടുള്ള പ്രവര്‍ത്തനം വേണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി യോഗത്തില്‍ പറഞ്ഞു. പദ്ധതികളില്‍ കാലതാമസം നേരിടുന്നെങ്കില്‍ അത് ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്യാമെന്നും അക്കാര്യം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ പ്രദീപ് കുമാര്‍, മറ്റു വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
