സാഹിത്യകാരി പി വത്സല അന്തരിച്ചു

1 min read
Share it

കോഴിക്കോട്: സാഹിത്യകാരി പി വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവാണ്. എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്ത് വര്‍ക്ക് പുരസ്കാരം സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാര്‍ഡ് അടക്കമുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും പി വത്സല വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സംസ്കാരം മറ്റന്നാള്‍. എം അപ്പുക്കുട്ടിയായിരുന്നു ജീവിത പങ്കാളി.

മലയാളത്തിലെ പ്രധാനപ്പെട്ട ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു പി വത്സല. വയനാടിൻ്റെ എഴുത്തുകാരി എന്ന വിശേഷണത്തിനും അര്‍ഹയായിരുന്നു പി വത്സല. നെല്ല് ആണ് ആദ്യ നോവല്‍. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചിരുന്നു. ഈ നോവല്‍ പിന്നീട് എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി.

നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ് വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. 1975ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2021ല്‍ കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള സാഹത്യ അക്കാഡമി ഫെല്ലോഷിപ്പിനും അര്‍ഹയായിട്ടുണ്ട്. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. 25ലധികം ചെറുകഥാ സമാഹാരങ്ങള്‍ പി വത്സലയുടെ പേരിലുണ്ട്. വ്യത്യസ്‌തമായ രചനാശൈലിയുടെ പേരില്‍ പ്രശസ്തയാണ് പി വത്സല.

കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്ന പി വത്സല സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗവ.ട്രൈനിംഗ് സ്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4-ന്‌ കോഴിക്കോട് ജനനം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!