കണ്ണൂര്‍ സര്‍വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; മാടായിയിലെ കോളേജ് യൂണിയൻ ഭരണം കെ എസ് യു പിടിച്ചെടുത്തു.

1 min read

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്. എഫ്. ഐ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തിയിരുന്ന പഴയങ്ങാടി മാടായി കോളേജില്‍ കെ.എസ്.യു- എം. എസ്. എഫ് സഖ്യം അട്ടിമറി വിജയം നേടി. മുഴുവൻ മേജര്‍ സീറ്റിലും വൻ ഭൂരിപക്ഷത്തോടെയാണ് കെ എസ് യു മുന്നണി വിജയം നേടിയത്.

സി.പി. എം പാര്‍ട്ടിഗ്രാമമായ മാടായിയിലെ കോളേജ് എസ്. എഫ്. ഐ ആധിപത്യം പുലര്‍ത്തിയ കലാലയങ്ങളിലൊന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ കൃഷ്ണമേനോൻ വനിതാ കോളേജില്‍ കെ എസ് യു ചെയര്‍പേഴ്സണ്‍ വിജയിച്ചു.യൂത്ത് കോണ്‍ഗ്രസ് കുറ്റിയാട്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായ തീര്‍ത്ഥ നാരായണനാണ് ഇവിടെ നിന്നും ജയിച്ചത്.

പൈസക്കരി ദേവമാത കോളേജും ഉള്‍പ്പടെയുള്ള കോളേജുകള്‍ തിരിച്ചു പിടിക്കുകയും നിലവില്‍ യൂണിയൻ ഭരിക്കുന്ന കൂത്തുപറമ്ബ് നിര്‍മ്മലഗിരി കോളേജും ഇരിട്ടി എം.ജി കോളേജും, ഇരിക്കൂര്‍ സിബ്ഗ കോളേജും, എടത്തൊട്ടി ഡി-പോള്‍ കോളേജും നവജ്യോതി കോളേജ് ചെറുപുഴ, ആലക്കോട് മേരിമാതാ കോളേജ്, മുട്ടന്നൂര്‍ കോണ്‍കോഡ് ആര്‍ട്സ് ആൻഡ് സയൻസ് കോളേജ്, എം.എം നോളജ് ആര്‍ട്സ് ആൻഡ് സയൻസ് കോളേജ്, പേരാവൂര്‍ മലബാര്‍ ബി.എഡ് കോളേജ്, വിമല്‍ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവിടങ്ങളില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തുവെന്ന് കെ. എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ അവകാശപ്പെട്ടു.

ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളേജില്‍ ചെയര്‍മാൻ വൈസ് ചെയര്‍മാൻ യു.യു.സി സീറ്റുകള്‍ ഉള്‍പ്പടെ പ്രധാന സീറ്റുകള്‍ കയ്യടക്കുകയും, എസ്.എഫ്.ഐ ആധിപത്യം തകര്‍ത്തെറിഞ്ഞ് നീണ്ട ഇടവേളക്ക് ശേഷം മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ മൂന്ന് മേജര്‍ സീറ്റുകള്‍ വിജയിക്കുകയും ചെയ്തുവെന്നും അതുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ പല ക്യാമ്ബസുകളിലും കെ.എസ്.യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യവും ഇത്തവണയുണ്ടായി.

എസ്.എഫ്.ഐ എന്നത് വ്യാജന്മാരുടെയും തട്ടിപ്പുകാരുടെയും കൂടാരമാണെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ അവര്‍ എസ്.എഫ്.ഐ തൂത്തെറിഞ്ഞെന്നും, ക്യാംപസുകളില്‍ കെ.എസ്.യു വിന്റെ ശക്തമായ തിരിച്ചുവരവ് വിദ്യാര്‍ത്ഥിപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടി സമരമുഖം തീര്‍ത്ത കെ.എസ്.യു വിനുള്ള വിദ്യാര്‍ത്ഥികളുടെ അംഗീകാരമെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

എസ്.എഫ്.ഐ എന്നത് കേവലം ഭരണ വിലാസ ക്രിമിനല്‍ സംഘമായി അധപ്പതിച്ചിരിക്കുകയാണെന്നും ഇത്തരം സംഘടനകള്‍ക്ക് ഇനി ക്യാംപസുകളില്‍ സ്ഥാനമുണ്ടാവില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച്‌ കരുത്തോടെ തിരിച്ചുവരുന്നതിന് കെ.എസ്.യു വിന് പിന്തുണ നല്‍കി കെ.എസ്.യു സ്ഥാനാര്‍ത്ഥികളെ വിജയിച്ച പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹത്തിന് നന്ദിരേഖപ്പെടുത്തുന്നതായും ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ പറഞ്ഞു. എന്നാല്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള ഭൂരിഭാഗം കോളേജുകളിലും എസ്. എഫ്. ഐ തന്നെയാണ് വിജയിച്ചതെന്നും ഒറ്റപ്പെട്ട ചില വിജയങ്ങള്‍ ചൂണ്ടിക്കാട്ടി കെ. എസ്.യു തെറ്റിദ്ധാരണ പരത്തുകയാണെന്നുമാണ് എസ്. എഫ്. ഐ നേതാക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *