സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു
1 min readസംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു
കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോർജ്. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.
സ്വപ്നാടനം, ഉൾക്കടൽ, കോലങ്ങൾ, മേള, ഇരകൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കൽപ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.
യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. 2016-ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരത്തിനും അർഹനായി. ഗായിക സൽമയാണ് ഭാര്യ.