യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി, അന്വേഷണം കണ്ണപുരത്തും

1 min read

യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി, അന്വേഷണം കണ്ണപുരത്തും

കണ്ണൂര്‍: മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കുടക് പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണ സംഘം കണ്ണൂർ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. കേരള പൊലീസും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കണ്ണവത്ത് നിന്നും കാണാതായ യുവതിയുടെ വീട്ടിലാണ് അന്വേഷണ സംഘമെത്തിയത്. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയെടുത്തു. യുവതി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ധരിച്ച ചുരിദാർ ഇതല്ലെന്ന് യുവതിയുടെ അമ്മ മൊഴി നൽകി. യുവതിയുടെ ബന്ധുക്കൾ മടികേരി മെഡിക്കൽ കോളേജിലെത്തി മൃതദേഹം കണ്ടിരുന്നു. കേസിന്റെ അന്വേഷണം കണ്ണവത്തിന് പുറമെ കണ്ണപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണപുരത്തും ഒരു യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചത്.

നാല് കഷ്ണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം സ്ത്രീയുടേതാണെന്നാണ് സൂചന. കേരള അതിര്‍ത്തിയിലുള്ള കൂട്ടുപുഴയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാറി ഓട്ടക്കൊല്ലിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചുരത്തിന് സമീപമുള്ള കുഴിയില്‍ നീല പെട്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *