ഐഎസ്‌എല്‍ കിക്കോഫ് ഇന്ന് കൊച്ചിയില്‍

1 min read
Share it

ഐഎസ്‌എല്‍ കിക്കോഫ് ഇന്ന് കൊച്ചിയില്‍

 

കൊച്ചി:  കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) 10-ാം സീസണ് വ്യാഴാഴ്ച കിക്കോഫ്.

രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബംഗളൂരു എഫ്‌സിയും മാറ്റുരയ്ക്കും.

കിക്കോഫ് സമയക്രമങ്ങളില്‍ ഉള്‍പ്പടെ ഈ സീസണില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്.

ഐ ലീഗ് ചാമ്ബ്യന്‍മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്‌സി ആണ് പുതുമുഖ ടീം. ഡ്യൂറന്‍റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്‍റെ വരവ്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സാണ് ഐഎസ്‌എല്ലില്‍ നിലവിലെ ചാമ്ബ്യന്‍മാര്‍.

ഐഎസ്‌എലില്‍ തുടര്‍ച്ചയായ രണ്ടാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണുകളിലേതു പോലെ ഇത്തവണയും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. മത്സരത്തിന്‍റെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചെന്നാണ് സൂചന.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പകരം റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആണ് ഇത്തവണ ഐഎസ്‌എല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണ അവകാശം നേടിയത്. മലയാളം ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ തത്സമയ കമന്‍ററിയുണ്ട്. റിലയൻസിന്‍റെ മൊബൈല്‍ ആപ്പായ ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാം.

സൂപ്പര്‍ ലീഗ് 10-ാം പതിപ്പ് ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഐഎസ്‌എല്‍ ഫാന്‍റസി എന്ന പേരില്‍ ഫാന്‍റസി ഗെയിമും എഫ്‌എസ്ഡിഎല്‍ പുറത്തുവിട്ടിട്ടുണ്ട്. 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വാഗ്ദാനം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!