മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം: കോട്ടയം നീണ്ടൂരിൽ തിരുവോണ രാത്രി ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തെ തുടർന്ന് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. നീണ്ടൂർ ഓണംതുരുത്ത് സ്വദേശി അശ്വിൻ ആണ് കൊല്ലപ്പെട്ടത്. 23 വയസ് മാത്രമായിരുന്നു പ്രായം.

അശ്വിൻ ഉൾപ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മിൽ ഇന്നലെ രാത്രി നീണ്ടൂരിലെ ബാറിൽ വച്ച് സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായി ഓണം തുരുത്ത് കവലയിൽ വച്ച് ഇരു കൂട്ടരും വീണ്ടും ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിനിടെയാണ് അശ്വിനും സുഹൃത്ത് അനന്ദുവിനും കുത്തേറ്റത്.

കുത്തേറ്റു വീണ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ഓണംതുരുത്ത് മേഖല കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ മുമ്പും അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ തുടർച്ചയായാണ് തിരുവോണ നാളിലേയും സംഘർഷം. അശ്വിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *