കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്‌തീനിന് ഇ ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാന്‍ നിര്‍ദ്ദേശം

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎൽഎയുമായ എ സി മൊയ്‌തീന് ഇ ഡി നോട്ടീസ്. ഈ മാസം 31 ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 മണിക്ക് ആണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബെനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബെനാമി ഇടപാടുക്കാർക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.

കരുവന്നൂർ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകൾക്ക് പിന്നിൽ സിപിഎം സംസ്ഥാന സമിതി അംഗം എ സി മൊയ്തീൻ എംഎൽഎ ആണെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടെത്തല്‍. പാവങ്ങളുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബെനാമികൾ ലോൺ തട്ടിയതെന്നും ഇഡി വ്യക്തമാക്കുന്നു. 6 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ 15 കോടിരൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും ഇഡി വാർത്തക്കുറിപ്പിൽ അറിയിച്ചത്.

150 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് ബെനാമികൾ സ്വത്തുക്കൾ പണയപ്പെടുത്തി കോടികളുടെ ലോൺ തട്ടിയത്. പാവപ്പെട്ട ഇടപാടുകാരുടെ ഭൂമി അവരറിയാതെയാണ് ബെനാമികൾ പണയപ്പെടുത്തിയത്. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം ലോണുകൾ അനുവദിച്ചു. മുൻമന്ത്രിയും എൽഎഎൽയുമായി എ സി മൊയ്തീനിന്‍റെ നിർദ്ദേശ പ്രകാരമാണ് പല ലോണുകളും ബെനാമികൾക്ക് അനുവദിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *