മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

1 min read
Share it

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‍ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടിയാണ് സംഗീതരംഗത്തേക്കുള്ള വഴിനടത്തിയത്.

‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി അബ്ദുറഹ്മാന്റെ രചനയായ ‘അഹദവനായ പെരിയോനേ….’ എന്ന ഗാനം എം.എസ് വിശ്വനാഥന്റെ സംഗീതത്തിൽ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരിൽ മുങ്ങി, മണിമഞ്ചലിൽ, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുൽ ഖുറാവിൽ, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.

കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!