വടകരയിലെ ബാങ്കില്‍ നിന്ന് 26.4 കിലോ സ്വര്‍ണം തട്ടിയ കേസിൽ മുന്‍ മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍
1 min readവടകരയിലെ ബാങ്കില്‍ നിന്ന് 26.4 കിലോ സ്വര്‍ണം തട്ടിയ കേസിൽ മുന്‍ മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധാ ജയ കുമാര്‍ പിടിയില്‍. തെലങ്കാനയില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി.
അടിപിടി കേസില്‍ ഇയാള്‍ തെലങ്കാന പോലീസിന്‍റെ പിടിയിലായിരുന്നു. ഇതേത്തുടർന്നാണ് വടകരയില്‍ ഇയാള്‍ക്കെതിരേ തട്ടിപ്പ് കേസ് ഉള്ളതായി തെലങ്കാന പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് വടകര പോലീസിനെ ഇവർ ബന്ധപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് വടകരയില്‍നിന്ന് പോലീസ് സംഘം തലങ്കാനയിലേയ്ക്ക് പോയത്.
കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയാണ് മധാ ജയകുമാര്‍. ഇയാൾ കടത്തിയതെന്ന് പറയുന്ന 26.24 കിലോഗ്രാം സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. തട്ടിപ്പില്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ, കഴിഞ്ഞ ദിവസം മധാ ജയകുമാര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്; പ്രത്യേകിച്ച്, സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ച്. ഈ സ്ഥാപനത്തിന് ബാങ്കിന്റെ വടകര ശാഖയുമായി ഇടപാടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്കിന്റെ പരാതി. ഇത്രയും അക്കൗണ്ടുകളിലെ സ്വര്‍ണം തിരിമറി നടത്തിയിട്ടും ഒരു ഇടപാടുകാരന്‍പോലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഒരാളുടെമാത്രം സ്വര്‍ണമാണിതെന്നാണ് അനുമാനിക്കുന്നത്. ഇതേക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. 42 അക്കൗണ്ടുകളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്.