അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ തടവ് ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു; അയോഗ്യത നീങ്ങി

1 min read
Share it

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യ നീങ്ങി. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യമാണ് ഇതോടെ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുല്‍ ഗാന്ധി ഹര്‍ജി പരിഗണിച്ചത്.

ഇരുവിഭാഗത്തിനും അവരുടെ വാദമുഖങ്ങൾ ഉയർത്താൻ 15 മിനിട്ട് വീതം കോടതി അനുവദിച്ചിരുന്നു. പൂര്‍ണേഷ് മോദിയുടെ യഥാര്‍ത്ഥ സര്‍നെയിം മോദിയെന്നല്ല മോദ് എന്നാണെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു. അദ്ദേഹം സര്‍നെയിം പിന്നീട് മാറ്റുകയായിരുന്നു എന്ന വാദവും സിംഗ്‌വി ഉയർത്തി. തൻ്റെ കക്ഷിയുടെ സർ നെയിം മോദി എന്ന് തന്നെയാണെന്ന് മഹേഷ് ജെത്മലാനി ചൂണ്ടിക്കാണിച്ചു. കേസ് നിലനിൽക്കില്ല, ഏതെങ്കിലും ഒരു വിഭാഗത്തെ മന:പൂർവ്വം അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശം രാഹുൽ ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന വാദമാണ് അഭിഷേക് സിംഗ്‌വി മുന്നോട്ടുവച്ചത്.

രാഹുൽ ഗാന്ധി പേരെടുത്ത് പറഞ്ഞ ആരും കേസുമായി വന്നിട്ടില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാണിച്ചിരുന്നു. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സിംഗ്‌വി പരാമർശിച്ചപ്പോൾ കോടതിയിൽ രാഷ്ട്രീയം പറയണ്ട അത് രാജ്യസഭയിൽ പറഞ്ഞാൽ മതിയെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു.

നേരത്തെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. സ്റ്റേ അനുവദിക്കാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായിട്ടായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും അഹങ്കാരിയാണെന്നുമാണ് പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി കേസിൽ എതിര്‍ സത്യവാങ്മൂലം നൽകിയിരുന്നു. മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധിയും മറുപടി സത്യവാങ്മൂലം നൽകിയിരുന്നു.

ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എയായ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി വന്നതോടെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയെ സമീപിച്ചത്. രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി തള്ളി. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി എന്നാല്‍ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ജൂലൈ 15നാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കീഴ്‌ക്കോടതിയുടെ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാടു പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പ്രയോഗത്തിലാണ് പൂര്‍ണേഷ് മോദി ഗുജറാത്തിലെ സൂറത്തില്‍ രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. മാപ്പ് പറയില്ലെന്നും മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!