ഐപിഎല്‍ വെടിക്കെട്ടിന് ഇന്ന് തുടക്കം; ആദ്യമല്‍സരം സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍
1 min readഐപിഎല്‍ വെടിക്കെട്ടിന് ഇന്ന് തുടക്കം; ആദ്യമല്‍സരം സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ഇന്ന് തുടക്കം. ചെന്നൈയിലെ എംഎ ചിദംബരം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ 2024 ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് (സിഎസ്‌കെ) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)വിനെ നേരിടും.
കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് വ്യത്യസ്തമായി പുതിയ നിയമങ്ങളുമായാണ് ഇത്തവണ ഐപിഎല്‍ എത്തുന്നത്. ബൗളര്‍മാരെ ഒരു ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ എറിയാന്‍ അനുവദിക്കുന്ന നിയമം മുതല്‍ ഡിആര്‍എസില്‍ സ്റ്റംപിംങിനൊപ്പം ക്യാച്ചും റിവ്യു ചെയ്യുന്നതുവരെ മാറ്റങ്ങളില്‍ പെടുന്നു.
ബാറ്റര്‍മാര്‍ക്കൊപ്പം ബൗളര്‍മാര്‍ക്കും തുല്യത നല്‍കുന്നതിന്റെ ഭാഗമായാണ് ഒരു ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ അനുവദിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്. നിലവില്‍ ആഭ്യന്തര ടി20 ക്രിക്കറ്റില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. സ്റ്റംപിങ് റിവ്യൂകളില്‍ ക്യാച്ച് ഔട്ട് പരിശോധിക്കില്ലെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമമെങ്കിലും ഐപിഎല്ലില്‍ അത് അങ്ങനെയല്ല. സ്റ്റംപിങ് റിവ്യൂകളില്‍ ക്യാച്ച് ഔട്ടാണോ എന്നതും ടിവി അമ്പയര്‍ പരിശോധിക്കും.
വൈഡുകളും നോ ബോളുകളും അടക്കം റിവ്യു ചെയ്യാന്‍ അനുവദിക്കുന്ന രണ്ട് റിവ്യു ഓരോ ടീമിനും നിലവിലുള്ളതുപോലെ തുടരും. റിവ്യു എടുക്കാന്‍ രാജ്യാന്തര മത്സരങ്ങളിലേതുപോലെ സ്റ്റോപ് ക്ലോക്ക് ഉണ്ടാകില്ല. അതുപോലെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ തീരുമാനം റിവ്യു ചെയ്യുന്ന ടെലിവിഷന്‍ അമ്പയര്‍ക്ക് സ്മാര്‍ട്ട് റീപ്ലേ സിസ്റ്റവും ഇത്തവണ ലഭ്യമാകും. ഇതുവഴി റിവ്യു തീരുമാനങ്ങളുടെ വേഗവും കൃത്യതയും വര്‍ധിപ്പിക്കാനാകും. റിവ്യു പരിശോധനകളില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ സാങ്കേതിക വിദ്യയും ഇത്തവണ ലഭ്യമാകും. ഇതിന് പുറമെ കൂടുതല്‍ കൃത്യതയുള്ള ദൃശ്യങ്ങള്‍ക്കായി ഉയര്‍ന്ന ഫ്രെയിം റേറ്റുള്ള ക്യാമറകളും ഉണ്ടായിരിക്കും.
ക്ലോസ് ക്യാച്ചുകള്‍ പരിശോധിക്കുമ്ബോള്‍ മുന്‍വശത്തു നിന്നും വശങ്ങളില്‍ നിന്നുമുള്ള ആംഗിളുകള്‍ വ്യക്തമായി കാണാവുന്ന സൂം ചെയ്താലും വ്യക്തത നഷ്ടാവാത്ത ദൃശ്യങ്ങളാകും ടിവി അമ്പയര്‍ക്ക് ലഭ്യമാകുക. അതുപോലെ നിലവില്‍ ടെലിവിഷന്‍ അമ്ബയറും ഫീല്‍ഡ് അമ്പയറും തമ്മിലുള്ള ലൈവ് സംഭാഷണം ആരാധകര്‍ കേള്‍ക്കുന്നതുപോലെ ടെലിവിഷന്‍ അമ്പയറും ഹോക്ക് ഐ ഓപ്പറേറ്ററും തമ്മിലുള്ള സംഭാഷണങ്ങളും ഇനി ആരാധകര്‍ക്ക് കേള്‍ക്കാനാവും. ഇതിഹാസ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനാണ് ഇത്തവണ ഉദ്ഘാടന ചടങ്ങിലെ താരനിരയെ നയിക്കുന്നത്. നിരവധി ബോളിവുഡ് ഹിറ്റുകള്‍ സമ്മാനിച്ച ബഹുമുഖ ശബ്ദത്തിന്റെ ഉടമയായ പിന്നണിഗായകന്‍ സോനു നിഗം സംഗീത നിശയില്‍ അദ്ദേഹത്തോടൊപ്പം അണിചേരും.
ബോളിവുഡ് സൂപ്പര്‍താരങ്ങളായ അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്റോഫിന്റെയും സാന്നിദ്ധ്യം ചടങ്ങിന് ഗ്ലാമര്‍ പരിവേശം നല്‍കും.
ഉദ്ഘാടന മത്സരത്തിന്റെ മുന്നോടിയായാണ് 6:30 ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്. ലീഗിലെ ഏറ്റവും ജനപ്രിയമായ രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരത്തോടെ ഐപിഎല്ലിന്റെ മറ്റൊരു ആവേശകരമായ സീസണിന് തുടക്കം കുറിക്കും.