ആറുശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത; തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
1 min readആറുശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത; തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തെയാണ് അനുവദിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേതനവര്‍ധനവില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്ററി കമ്മിറ്റിയാണ് വേതനവര്‍ധനവിന് ശുപാര്‍ശ നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലുമായി ശരാശരി 5 മുതല്‍ ആറുശതമാനം വരെ വേതന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നാണ് 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.
ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവിലെ സാമ്പത്തികവര്‍ഷം ആറുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിവഴി തൊഴില്‍ ലഭിച്ചത്.