പത്തൊമ്പതുകാരി ജീവനൊടുക്കിയത് പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്.
1 min read
പത്തൊമ്പതുകാരി ജീവനൊടുക്കിയത് പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മിയെയാണ് ശങ്കരന്‍മുക്കിന് സമീപത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടത്. ഒന്നരമാസം ഗര്‍ഭിണിയായിരുന്നു ലക്ഷ്മി.
ഓട്ടോ ഡ്രൈവറായ കിരണും ലക്ഷ്മിയും 11 മാസം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ചെമ്പകമംഗലം സായ്‌റാം കോളേജിൽ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായിരുന്നു ലക്ഷ്മി. ഗര്‍ഭിണിയായതോടെ പഠനം തുടരാൻ സാധിച്ചില് . ഗര്‍ഭഛിദ്രം നടത്താമെന്ന ലക്ഷ്മിയുടെ ആവശ്യം ഭര്‍തൃവീട്ടുകാര്‍ അംഗീകരിച്ചില്ലെന്നും പറയുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
