ചുട്ടുപൊള്ളുന്നു നാടും നഗരവും ഏപ്രിലിൽ ചൂട് 40 ഡിഗ്രി കടക്കും
1 min read
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കെ വേനല്‍ച്ചൂട് അതികഠിനമായത് രാഷ്ട്രീയ പ്രവർത്തകരെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും എരിതീയിലാക്കി. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്. പാലക്കാടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, സമീപവർഷങ്ങളിലായി എല്ലാ ജില്ലകളിലേക്കും കൊടുംചൂട് വ്യാപിക്കുന്ന നിലയായി.
കോട്ടയം,ആലപ്പുഴ,തൃശൂർ,കണ്ണൂർ,കോഴിക്കോട് ജില്ലകളിലും ഉയർന്ന താപനിലയാണ്. ഉയർന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണവും കൂടുതലായി. മാർച്ച് തുടങ്ങിയതു മുതല്‍ പുനലൂരില്‍ 37 മുതല്‍ 39 ഡിഗ്രി വരെ ചൂടാണ്. 37 ഡിഗ്രിയില്‍നിന്ന് താഴ്ന്നിട്ടുമില്ല. പാലക്കാടിന്റെ സ്ഥിതിയും ഇതുതന്നെ. ഇതിനു ആനുപാതികമാണ് മറ്റു ജില്ലകളുടെ അവസ്ഥയും. മാർച്ചില്‍ സാധാരണ 36 മുതല്‍ 37 ഡിഗ്രിവരെ താപനില ഉയരാറുണ്ട്. ഇത്തവണ അതിനും അപ്പുറമായി. മാർച്ച് 20 ആവുമ്പോള്‍ പാലക്കാട്,കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി വരെ താപനില ഉയരും. ആലപ്പുഴ, പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ 37 ഡിഗ്രിയെത്തും. തൃശൂർ,കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെ താപനില ഉയരും.
🔅 93 % മഴകുറവ്
▸ 1.4 മില്ലി മീറ്റർ മഴയാണ് ഇന്നലെവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ശരാശരി 18.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. കണ്ണൂർ, കാസർകോട്, മലപ്പുറം, വയനാട് എന്നിവിടങ്ങിളില്‍ മഴ പെയ്തില്ല. ചെറിയ മഴ ലഭിച്ചത് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. മാർച്ച് അവസാനവാരം വേനല്‍ മഴയുണ്ടാകുമെന്നും അത് കഴിഞ്ഞാല്‍ ഏപ്രില്‍ രണ്ടാവാരം മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥാപ്രവചനം. വേനല്‍ മഴ കനിഞ്ഞാലെ ചൂടിന് അറുതി വരൂ.
🔅 5വർഷത്തെ മാർച്ച്, ഏപ്രില്‍ മാസത്തെ ഉയർന്ന ചൂട് ഡിഗ്രി സെഷ്യല്‍സില്‍
2019- 41(പാലക്കാട്), 38.9 (പുനലൂർ)
2020-39 (പാലക്കാട്), 39.6 (പാലക്കാട്)
2021- 37 (കണ്ണൂർ), 38.5 (പാലക്കാട്)
2022-41 (പാലക്കാട്), 39.2(പുനലൂർ)
2023-40 (പാലക്കാട്), 40.1(പാലക്കാട്)
2024- 40+ 40+ (അനുമാനം)
▸ ഈ വർഷം കേരളത്തില്‍ ഏറ്റവും ഉയർന്ന ചൂട് ഇതുവരെ രേഖപ്പെടുത്തിയത് – 39.7 ഡിഗ്രി -പാലക്കാട്
▸ ഈ വർഷം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് – 41.4 ഡിഗ്രി -ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ല
🔅 ചൂട് കൂടാൻ കാരണം
▸ എല്‍നിനോ എന്ന പ്രതിഭാസമാണ് കനത്ത ചൂടിന് കാരണമായത്. പസഫിക് സമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തില്‍ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇത് സജീവമാകുമ്പോള്‍ അന്തരീക്ഷ താപനില വർദ്ധിക്കും. താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആർദ്രത വർദ്ധിക്കുന്നത് യഥാർത്ഥത്തില്‍ ഉള്ളതിനെക്കാള്‍ കൂടിയ ചൂട് അനുഭവപ്പെടാൻ കാരണമാകും.
🔅 ശ്രദ്ധിക്കാൻ
▸ ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കണം. വെയില്‍ ഏല്‍ക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനത്തില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുക. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം.
