പൗരത്വ ഭേദഗതി നിയമം; ട്രെയിന്‍ ഉപരോധിച്ചു, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
1 min readപൗരത്വ ഭേദഗതി നിയമം;ട്രെയിന്‍ ഉപരോധിച്ചു, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഫ്രട്ടേണിറ്റി തുടങ്ങിയ വിവിധ സംഘടനകള്‍ തിങ്കളാഴ്ച രാത്രി പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഉപരോധിച്ചു. രാത്രി പത്തരക്ക് മലബാര്‍ എക്‌സ്പ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴിക്കോട്ട് ഡിവൈഎഫ്‌ഐ പന്തംകൊളുത്തി പ്രതിഷേധം നടത്തി. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മലപ്പുറത്ത് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
കോഴിക്കോട് വെല്‍ഫെയര്‍ പാര്‍ട്ടി സി.എ.എ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജുണ്ടായി. പത്തിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രകോപനമില്ലാതെയാണ് പൊലിസ് മര്‍ദിച്ചതെന ഫ്രട്ടേണിറ്റി നേതൃത്വം ആരോപിച്ചു. 7 പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുസ്ലിം യൂത്ത് ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്കുവട്ടി ജംഗ്ഷനില്‍ സി.എ.എ വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു.
ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. മണ്ഡലതലങ്ങളിലാണ് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധറാലി ഇന്ന് നടക്കും.