ചാവക്കാട് വൻ സ്പിരിറ്റ് വേട്ട: ചകിരിയില്‍ ഒളിപ്പിച്ച 1300 ലിറ്ററുമായി കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍
1 min readചാവക്കാട് വൻ സ്പിരിറ്റ് വേട്ട: ചകിരിയില്‍ ഒളിപ്പിച്ച 1300 ലിറ്ററുമായി കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍
ചാവക്കാട്: തൃശൂര്‍ ജില്ലയിലേക്ക് കടത്തിയ 1300 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയില്‍ നവീൻകുമാര്‍ (34), പന്നിയൂര്‍ മഴൂര്‍ പെരുപുരയില്‍ വീട്ടില്‍ ലിനേഷ് (33) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്.
കര്‍ണാടകത്തില്‍ നിന്നും കടത്തിയതാണ് സ്പിരിറ്റ്. മിനി ലോറിയില്‍ 43 പ്ലാസ്റ്റിക് കാനുകളില്‍ 32 ലിറ്റര്‍ വീതമാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്. ചകിരിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റും സ്പെഷ്യല്‍ സ്ക്വാഡും നിരീക്ഷിച്ചാണ് ചാവക്കാട് എടക്കഴിയൂര്‍ ചങ്ങാടം റോഡില്‍ നിന്നും സംഘത്തെ പിടികൂടിയത്.
സ്പിരിറ്റ് തൃശൂരിലേക്കാണോ അതോ മറ്റിടങ്ങളിലേക്കുള്ളതാണോ എന്ന് പരിശോധിക്കുകയാണ്. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി വൻ തോതില്‍ ലഹരികടത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്സൈസ് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.