ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; വിട വാങ്ങിയത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി

1 min read
Share it

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; വിട വാങ്ങിയത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി

കൊല്ലം: ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. .

1927 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിൽ അണ്ണാവീട്ടിൽ മീര സാഹിബിന്‍റെയും ഖദീജ ബീവിയുടെയും മകളായിട്ടായിരുന്നു ജനനം. പത്തനംതിട്ട കത്തോലിക്കേറ്റ് സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി.

1950 നവംബർ 14ന് അഭിഭാഷകയായി എൻറോൾ ചെയ്തു. 1958 ല്‍ സബോർഡിനേറ്റ് മുൻസിഫായി നിയമനം നേടി. 1968 ല്‍ സബോർഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം നേടിയ ഫാത്തിമ ബീവി, 1972 –ല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി. 1974 –ല്‍ ജില്ലാ സെഷൻസ് ജഡ്ജിയായി. 1983 ഓഗസ്റ്റ് 4-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

1989 ഏപ്രിൽ 30-ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. 1989 ഒക്ടോബർ 6-നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം നേടിയത്. 1992 ഏപ്രിൽ 29-ന് വിരമിച്ചു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി. 1997 ജനുവരി 25 മുതല്‍ 2001 ജൂലൈ 3-വരെ തമിഴ്നാട് ഗവർണറായി പ്രവര്‍ത്തിച്ചു.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയാകാൻ അനുവദിച്ചത് വിവാദമായി. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രം തീരുമാനിച്ചെങ്കിലും അതിന് മുൻപ് തന്നെ ഗവർണർ പദവി രാജി വെച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!