പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു; തലയില്‍ മുണ്ടിട്ട് മൂടി കവര്‍ച്ച
1 min read
പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു; തലയില്‍ മുണ്ടിട്ട് മൂടി കവര്‍ച്ച
കോഴിക്കോട്: ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം കവര്‍ച്ച. മാങ്ങാപ്പൊയിലിലെ എച്ച്പിസിഎല്‍ പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
കവര്‍ച്ചയുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. മൂന്ന് യുവാക്കളാണ് പെട്രോള്‍ പമ്പിലെത്തിയത്. ഒരാള്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയപ്പോള്‍ മറ്റൊരാള്‍ ഉടുമുണ്ട് പറിച്ചെടുത്ത് അയാളുടെ തലയില്‍ മുണ്ടിട്ട് മൂടി. പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
പതിനായിരം രൂപ നഷ്ടമായതായി പമ്പ് ഉടമ വ്യക്തമാക്കി. കവര്‍ച്ച നടത്തുന്നതിന്റെയും തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പമ്പ് ജീവനക്കാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
