അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തില്‍ അരിയിട്ട് വച്ചാല്‍ അരമണിക്കൂര്‍ കൊണ്ട് നല്ല തുമ്പപ്പൂ നിറമുള്ള ചോറ് തയ്യാര്‍: മാജിക്കൽ റൈസ് കേരളത്തിലും വിളഞ്ഞു

1 min read

മാജിക്കൽ റൈസ് കേരളത്തിലും വിളഞ്ഞു

പാലക്കാട് : അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തില്‍ അരിയിട്ട് വച്ചാല്‍ അരമണിക്കൂര്‍ കൊണ്ട് നല്ല തുമ്പപ്പൂ നിറമുള്ള ചോറ് തയ്യാര്‍. വെള്ളം തിളപ്പിക്കാതെ തന്നെ ചോറ് ഉണ്ടാക്കാനാകുന്ന മാജിക്കല്‍ റൈസ് എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല് പാലക്കാട്ടും വിളഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്ത എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ് അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറന്‍ അസമിലെ നെല്ലിനം ആണിത്. തണുത്ത വെള്ളത്തില്‍ അരിയിട്ട് അടച്ച് വച്ചാല്‍ 30-45 മിനിറ്റ് കൊണ്ട് ചോറാകും. ചൂട് വെള്ളത്തിൽ ആണെങ്കില്‍ 15 മിനിറ്റ് മതി.

കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ജൂണില്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അസമില്‍ നിന്ന് വിത്ത് എത്തിച്ച് 12 സെന്റിൽ കൃഷിയിറക്കി. ജൈവ കൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് നട്ടത്. നടുന്നതിന് മുന്‍പ് ഉഴുത മണ്ണില്‍ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയ കീടശല്യം ഉണ്ടായെങ്കിലും വേപ്പെണ്ണ അടക്കമുള്ള ജൈവ കീടനാശിനി കൊണ്ട് പ്രതിരോധിച്ചു.

വെള്ളം കാര്യമായി വേണ്ടി വന്നില്ല. മൂന്നടി വരെ ഉയരത്തില്‍ നെല്‍ച്ചെടി വളരും. 100-110 ദിവസം കൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റില്‍ നിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രി ചൂടില്‍ രണ്ട് തവണയായി വേവിച്ച് എടുത്താണ് വിപണിയില്‍ നല്‍കുന്നത്. പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്.

പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെ തന്നെ എളുപ്പത്തില്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാല്‍ അടുത്ത സീസണില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിൽ എത്തിക്കാനാണ് തീരുമാനം.

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

Leave a Reply

Your email address will not be published. Required fields are marked *